പ​ുതുവൈപ്പിൻകാർ പറയുന്നതെല്ലാം നേരാണ്​..

'പിങ്ക് സിറ്റി' എന്നാണ് ജയ്പ്പൂരിനെ വിളിക്കുക. ഇന്ത്യയിലെ മനോഹര നഗരങ്ങളിലൊന്ന്. പക്ഷേ, 2009 ഒക്ടോബര്‍ 29–ന് ജയ്പ്പൂര്‍ 'കറുത്ത സിറ്റി'യായി മാറി. അന്നു രാത്രി ഏഴരയ്ക്കാണ് ജയ്പ്പൂരിലെ ഇന്ത്യന്‍ ഒായില്‍ കോര്‍പ്പറേഷന്‍റെ ഒായില്‍ ഡിപ്പോ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്!

സിതാപുര വ്യവസായമേഖലയിലെ ഐഒസി പ്ലാന്‍റില്‍ എണ്ണായിരം കിലോലിറ്റര്‍ പെട്രോള്‍ സംഭരിച്ചിരുന്ന ഭൂഗര്‍ഭടാങ്കിലാണ് തീപടര്‍ന്നത്. 12 പേര്‍ ഉടന്‍ വെന്തു മരിച്ചു. 300 പേര്‍ ശരീരമാകെ പൊള്ളിയടര്‍ന്നും ശ്വാസംമുട്ടിയും പകുതി ജീവനോടെ രക്ഷപ്പെട്ടു. ജയ്പ്പൂര്‍ നഗരം കുലുങ്ങിവിറച്ചു!

പൊട്ടിത്തെറി കാരണം റിച്ചര്‍സ്കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനംതന്നെ ഉണ്ടായി. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ കെട്ടിടങ്ങളുടെ ജനാലകള്‍ പൊട്ടിച്ചിതറി.

തീയണയ്ക്കാന്‍ ഒരാഴ്ച ആര്‍ക്കും ഒരു ചുക്കും ചെയ്യാനായില്ല. ഐഒസി മുംബൈയില്‍നിന്ന് വിളിച്ചുവരുത്തിയ സാങ്കേതികവിദഗ്ധര്‍ കാഴ്ചക്കാരായി നോക്കിനിന്നു. 'ആളിപ്പടരുന്ന പെട്രോളില്‍ ഒന്നും ചെയ്യാനില്ലെന്ന്' അവര്‍ കൈമലര്‍ത്തി.

ജയ്‌പൂരിൽ ഐഒസി പെട്രോൾ പ്ലാന്റിൽ ഉണ്ടായ തീപിടുത്തം.
 

പകരം ചുറ്റുവട്ടത്ത് താമസിച്ചിരുന്ന അഞ്ചുലക്ഷം ആളുകളെ ഒഴിപ്പിച്ചു. ആളുന്ന തീയും പുകയും കണ്ട് പതിനായിരങ്ങള്‍ നേരത്തേതന്നെ വീടുവിട്ടോടിയിരുന്നതിനാല്‍ 'ഒഴിപ്പിക്കല്‍' എളുപ്പമായി. ഒരാഴ്ച കത്തിയെരിഞ്ഞ തീ മുന്നൂറ് കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് പിന്നീട് ഐഒസിയുടെതന്നെ കണക്കു വന്നു. ആഴ്ചകളോളം ജയ്പ്പൂര്‍ ശവക്കോട്ടപോലെ മൂകമായി!

ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നായ ജയ്പ്പൂരിന്‍റെ ഹൃദയത്തില്‍നിന്ന് വെറും 16 കിലോമീറ്റര്‍ അകലെ ഈ കൂറ്റന്‍ പെട്രോള്‍ സംഭരണശാല വന്നപ്പോള്‍തന്നെ ഏറെ ആശങ്ക‍കള്‍ ഉണ്ടായിരുന്നു. പക്ഷേ, അന്ന് ഐഒസി പറഞ്ഞത് ഇപ്പോള്‍ പുതുവൈപ്പിനില്‍ പറയുന്ന അതേ ന്യായമായിരുന്നു: "അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുളള ഈ സംഭരണശാലയില്‍ ഒരപകടവും സംഭവിക്കില്ല. എല്ലാം പൂര്‍ണ്ണസുരക്ഷിതം..!"

പക്ഷേ, 2009 ഒക്ടോബര്‍ 29 ന്‍റെ രാത്രിയില്‍ സകല സുരക്ഷകളും പാളി. ജയ്പ്പൂര്‍നഗരത്തിന്‍റെ ആകാശം പെട്രോള്‍പുക മൂടി കറുത്തുനിന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ജനം അലമുറയിട്ടു.

ഒായില്‍ഡിപ്പോയില്‍‍നിന്ന് പൈപ്പ്ലൈനിലേക്ക് പെട്രോള്‍ മാറ്റുമ്പോഴുണ്ടായ സാങ്കേതിക തകരാറായിരുന്നു അപകട കാരണം. രക്ഷാസംവിധാനങ്ങളൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് പിന്നീട് ഐഒസി തന്നെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു!

തീര്‍ന്നില്ല, മൂന്നു വര്‍ഷം കഴിഞ്ഞ് 2012–ല്‍ ഗുജറാത്തിലെ ഐഒസി പ്ലാന്‍റില്‍ സമാനമായ അപകടം ആവര്‍ത്തിച്ചു. നാലു പേര്‍ മരിച്ചു. ഗുജറാത്തിലെ ഹാസിറ പ്ലാന്‍റില്‍ ഐഒസിയുടെ അഞ്ച് ഭൂഗര്‍ഭ പെട്രോള്‍ടാങ്കുകളാണ് അന്ന് ഒരുമിച്ച് കത്തിയമര്‍ന്നത്. 24 മണിക്കൂര്‍ വേണ്ടിവന്നു തീ ശമിപ്പിക്കാന്‍.
അത്തരമൊരു അപകടം നേരിടാനുള്ള യാതൊരു സംവിധാനവും ഐഒസിക്ക് ഉണ്ടായിരുന്നില്ലെന്ന് അവിടെയും അന്വേഷണത്തില്‍ തെളിഞ്ഞു. 2014 ജൂണ്‍ 26 ന് ആന്ധ്രപ്രദേശില്‍ ഗെയില്‍ ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചത് 14 പേരാണ്.

ഈ അപകടങ്ങളൊന്നും കഴിഞ്ഞിട്ട് അധികകാലമായില്ല. എന്നിട്ടും എത്ര വേഗമാണ് നമ്മള്‍ അതൊക്കെ മറന്നുപോകുന്നത്!

ഒരാഴ്ചയായി പുതുവൈപ്പിന്‍ ജനതയ്ക്കുള്ള ഉപദേശങ്ങളാണ് കേള്‍ക്കുന്നതും കാണുന്നതുമെല്ലാം. 'അജ്ഞരായ' പുതുെെവപ്പിന്‍കാരെ 'യാതൊരു അപകട സാധ്യതയുമില്ലാത്ത' എല്‍പിജി പദ്ധതിക്ക് അനുകൂലമായി 'ബോധവത്കരിക്കണമെന്നാണ്' ആഹ്വാനം. അങ്ങനെ പറയുന്നവരില്‍ ഐഒസി വക്താക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സിപിഎമ്മുകാര്‍ എന്നിവരെല്ലാം വരുന്നത് സ്വാഭാവികം. പക്ഷേ, മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം ചേരും മുമ്പ് രണ്ടുവട്ടം ആലോചിക്കണം.

കാരണം, നിങ്ങളുടെ തൊട്ടുമുന്നില്‍ വിരല്‍പ്പാടകലെ ആ 'ന്യൂസ് ആര്‍െെക്കവിലു'ണ്ട് ഐഒസി അടക്കമുള്ളവരുടെ പലതരം ഇന്ധനസംഭരണശാലകളില്‍ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങളുടെ ബാക്ക്ഫയലുകള്‍. അത് ഒരാവര്‍ത്തിയൊന്നു നോക്കിയാല്‍ അപ്പോള്‍ നില്‍ക്കും പുതുെെവപ്പിനിലെ 'നിരക്ഷരരെ' 'ബോധവത്കരിക്കാനുള്ള' 'നമ്മള്‍ അറിവുള്ളവരുടെ' ദാഹം.

എല്‍എന്‍ജി, എല്‍പിജി ടെര്‍മിനലുള്ള മേഖലകളില്‍ ഭീകരാക്രമണ ഭീഷണി കൂടുമെന്ന പുതുവൈപ്പിന്‍കാരുടെ വാദത്തെ പരിഹസിച്ചുതള്ളി ഒരു 'സഖാവിന്‍റെ' പോസ്റ്റ് കണ്ടു.

ബ്രിട്ടീഷുകാരനായ പെട്രോളിയം–പ്രകൃതിവാതക സാങ്കേതികസുരക്ഷാ വിദഗ്ധൻ പ്രൊഫസര്‍ പീറ്റര്‍ ഡി കാമറൂണിന്‍റെ നേതൃത്വത്തില്‍ തയാറാക്കിയ ഒരു പഠനറിപ്പോര്‍ട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു വേണ്ടി നടത്തിയ പഠനമാണ്.

എല്‍പിജി, എല്‍എന്‍ജി സംഭരണകേന്ദ്രങ്ങളുള്ള പ്രദേശങ്ങളിലെ അപകടസാധ്യതകള്‍ വിശദമാക്കുന്ന ആ റിപ്പോര്‍ട്ടിലെ ചെറിയൊരു ഭാഗം മാത്രം ഉദ്ധരിക്കാം: "എല്‍എന്‍ജി ടെര്‍മിനലുകളുള്ള എല്ലാ മേഖലകളിലും ഭീകരാക്രമണ സാധ്യത കൂടുതലാണ് എന്നതൊരു യാഥാര്‍ഥ്യമാണ്. സെപ്റ്റംബര്‍ 11 ന് മുമ്പ് എല്‍എന്‍ജി ടെര്‍മിനലുകളുടെ ഏറ്റവും വലിയ അപകടസാധ്യത ആക്സിഡന്‍റല്‍ ലീക്കേജോ മനുഷ്യന്‍റെ പിഴവുകളോ ആയിരുന്നു. എന്നാല്‍ ഇന്ന് അതല്ല സാഹചര്യം. ഇന്ന് ലോകത്തെ ഏതൊരു ഇന്ധനസംഭരണകേന്ദ്രവും ശക്തമായ ഭീകരാക്രമണ ഭീഷണി നേരിടുന്നുണ്ട്. യമനില്‍ 2002–ല്‍ വാതകടാങ്കറിനു നേരേ ബോട്ട് ഇടിച്ചുകയറ്റിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇത്തരം ഭീകരാക്രമണസാധ്യത അമേരിക്കയുടെപോലും വലിയ ഭീതിയാണ്..."
പുതുവൈപ്പിനിലെ 'നിരക്ഷര ഗ്രാമീണരുടെ' അല്ല, ലോകത്തെ ഏറ്റവും വലിയ ഇന്ധനസുരക്ഷാ വിദഗ്ധരില്‍ ഒരാളുടെ റിപ്പോര്‍ട്ടാണിത്!

വൈപ്പിൻ ഒരു ബോംബാണ്. ഇതിനകം പണിതീര്‍ന്നുകഴിഞ്ഞ എല്‍എന്‍ജി ടെര്‍മിനലുകളും ഇപ്പോഴത്തെ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണവും കൂടിയാകുമ്പോള്‍ ഏതുനിമിഷവും പൊട്ടാവുന്നൊരു ബോംബിനു മുകളില്‍ത്തന്നെയാണ് വൈപ്പിന്‍കാരുടെ ജീവിതം. ഐഒസി നടത്തുന്ന നിയമലംഘനങ്ങള്‍ ആ അപകടസാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തരം പ്രദേശങ്ങളെ പ്രൊഫസര്‍ പീറ്റര്‍ ഡി കാമറൂണ്‍ അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടില്‍ 'ഫ്ളോട്ടിങ് ബോംബുകള്‍' എന്നാണ് വിളിക്കുന്നത്.
എല്ലാ സുരക്ഷയുമുണ്ടായിട്ടും 2003–ല്‍ അള്‍ജീരിയയില്‍ പൊട്ടിത്തെറിച്ച സ്കിക്ഡ എല്‍എന്‍ജി പ്ലാന്‍റിലെ അപകടം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

ഈ പദ്ധതിയെക്കുറിച്ചുള്ള വൈപ്പിന്‍കാരുടെ പേടികളെല്ലാം നേരാണ്. ലോകമെങ്ങും സുരക്ഷാവിദഗ്ധര്‍ അംഗീകരിച്ചുകഴിഞ്ഞ സത്യങ്ങള്‍. ആ പേടികളുടെ പുറത്തുതന്നെ ലോകത്തെ പല രാജ്യങ്ങളും ഇത്തരം സംഭരണശാലകള്‍ പണിതിട്ടുണ്ടെന്നതും നേരാണ്. പക്ഷെ, തങ്ങളുടെ തലയ്ക്കു മീതേ തൂങ്ങാന്‍പോകുന്ന അപകടങ്ങളെക്കുറിച്ചുള്ള സത്യങ്ങള്‍ പറഞ്ഞതിന്‍റെ പേരില്‍ വൈപ്പിന്‍കാരെ നമ്മള്‍ 'വിവരമില്ലാത്തവര്‍' ആക്കരുത്. അവര്‍ പറയുന്നതാണ് ശരിയായ വിവരം.

മതിലുകെട്ടിപ്പൊക്കി ഗേറ്റും പൂട്ടി സുഖകരമായ വീടുകളിലോ വില്ലകളിലോ ഉറങ്ങാന്‍കിടക്കുമ്പോള്‍ നമുക്കു തോന്നും 'ലോകം മുഴുവന്‍ ഇങ്ങനെ സുരക്ഷിത'മാണെന്ന്. നമ്മുടെ ആ ധാരണയാണ് തെറ്റ്. ഈ സത്യം ആരു പറഞ്ഞില്ലെങ്കിലും മാധ്യമങ്ങള്‍ പറയണം.

ജനങ്ങളെ പറഞ്ഞുപറ്റിക്കാനോ തലയടിച്ചുപൊട്ടിക്കാനോ ഭരണകൂടത്തിന് എളുപ്പം കഴിയും. തല്ലിയോ കൊന്നോ തീവ്രവാദമുദ്ര ചാര്‍ത്തിയോ, എങ്ങനെയും ഈ പ്രതിഷേധത്തെ പിണറായി സര്‍ക്കാര്‍ ഒതുക്കുകതന്നെ ചെയ്യും, അതുറപ്പ്. കാരണം, 'വികസന കാര്യത്തില്‍ കേന്ദ്രവും കേരളവും യോജിച്ചാണെന്ന്' എത്രയോ വട്ടം സഖാവ് പിണറായി വിജയന്‍ പറഞ്ഞുകഴിഞ്ഞു!

എങ്കിലും അറിയാവുന്ന സത്യം മാധ്യമങ്ങളെങ്കിലും പറയുകത്തന്നെ വേണം. 'എൽഎൻജി സഹിക്കുന്ന നിങ്ങൾക്ക് എൽ പി ജി കൂടി സഹിച്ചൂടെ?' എന്ന ക്രൂരമായ ചോദ്യം മാധ്യമങ്ങൾ എങ്കിലും വൈപ്പിൻകാരോട് ചോദിക്കരുത്. കാവിത്തോക്കും ചുവപ്പുലാത്തിയുമൊക്കെ ഒന്നായിച്ചേര്‍ന്ന് കര്‍ഷകനെയും പാവപ്പെട്ടവനേയും തുരത്തുന്ന ഈ കെട്ടകാലത്ത് മാധ്യമങ്ങൾക്കു അല്ലാതെ മറ്റാര്‍ക്കാണ് നേര് പറയാൻ കഴിയുക?

 

Tags:    
News Summary - puthuvaypin protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.