പുതുപ്പള്ളിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
'ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്, ജനഹൃദയങ്ങൾ കീഴടക്കി മുന്നോട്ട്'; പുതുപ്പള്ളിയിൽ ഷാഫി പറമ്പിലിന് പിന്തുണയുമായി ഫ്ലക്സ് ബോർഡ്
പുതുപ്പള്ളി: ഷാഫി പറമ്പിൽ എം.പിക്ക് അഭിവാദ്യമർപ്പിച്ച് പുതുപ്പള്ളിയിൽ ഫ്ലക്സ് ബോർഡ്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പുതുപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഉമ്മൻചാണ്ടിക്കൊപ്പം ഷാഫി പറമ്പിൽ നിൽക്കുന്ന ചിത്രവും കൈപ്പത്തി അടയാളവും ബോർഡിലുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്‌സ്, ജനഹ്യദയങ്ങൾ കീഴടക്കി ഇനിയും മുന്നോട്ട്’ എന്നും ഫ്ലക്സ് ബോർഡിൽ എഴുത്തിയിട്ടുണ്ട്. ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി രംഗത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മനും സഹോദരി മറിയയും പ്രതികരണവുമായി എത്തിയിരുന്നു. തങ്ങളുടെ കുടുംബത്തിന് നേരിട്ട ദുരിതാവസ്ഥയിൽ ഒപ്പം നിന്ന ആളാണ് രാജ് മോഹൻ ഉണ്ണിത്താൻ എന്നായിരുന്നു കുടുംബം വ്യക്തമാക്കിയത്.
കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ പരസ്യ പ്രതികരണങ്ങൾക്ക് കെ.പി.സി.സി വിലക്കേർപ്പെടുത്തിയെങ്കിലും ഷാഫി പറമ്പിൽ എം.പിക്ക് പിന്തുണയുമായി പ്രവർത്തകർ രംഗത്തുവരുന്നുണ്ട്. കണ്ണൂരിനും പാലക്കാടിനും പിന്നാലെ കോഴിക്കോട്ടും ഷാഫിയെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഡി.സി.സി ഓഫിസിന് മുന്നിലും ക്രിസ്ത്യൻ കോളജ് ജങ്ഷനിലുമാണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ ഫ്ലക്സുകൾ സ്ഥാപിച്ചത്.
'പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര, ആ ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്' എന്നാണ് ഫ്ലക്സിലെ വാചകം. ഒരു വർഷം മുമ്പ് പേരാമ്പ്രയിലുണ്ടായ പൊലീസ് സംഘർഷത്തിനിടെ ഷാഫിയുടെ മൂക്കിന് പരിക്കേറ്റ് രക്തമൊഴുകുന്ന ചിത്രമാണ് ഫ്ലക്സിൽ ഉപയോഗിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഡി.സി.സി ഓഫിസിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സുകൾ വെള്ളിയാഴ്ച രാവിലെ ഓഫിസ് ജീവനക്കാർ നീക്കം ചെയ്തു. കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഷാഫിക്കെതിരെ നടത്തിയ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെയാണ് വിവിധ ജില്ലകളിൽ പിന്തുണയുമായി പ്രവർത്തകർ രംഗത്തെത്തിയത്.
കണ്ണൂരിലും പാലക്കാടും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ‘പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം യൂത്ത് കോൺഗ്രസ്, കെ.എസ്.യു എന്നിവയുടെ പേരിൽ നിരവധി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനക്കെതിരെ ഷാഫി അനുകൂല കോൺഗ്രസ് പ്രവർത്തകർ വിവിധ രീതിയിൽ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടത്.
കണ്ണൂരിലും ഷാഫി പറമ്പിലിന് പിന്തുണയുമായി യൂത്ത് കോൺഗ്രസിന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ‘ഒരു കുപ്രചാരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ’ എന്നെഴുതിയ ബോർഡുകളാണ് കണ്ണൂർ ഡി.സി.സി ഓഫിസ് പരിസരത്തും സ്റ്റേഡിയം ജങ്ഷനിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലുമായി സ്ഥാപിച്ചത്. രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണങ്ങൾക്ക് പിന്നാലെ നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ഷാഫിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിവിധ ജില്ലകളിൽ പ്രവർത്തകർ ഫ്ലക്സ് ബോർഡുകളിലൂടെ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.