ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഐ.ഡി കാർഡുകൾ

പന്തീരാങ്കാവിൽ കുഴിച്ചിട്ട നിലയിൽ വോട്ടർ ഐ.ഡി കാർഡുകൾ; ജില്ലാ ഭരണകൂടത്തിന് കൈമാറും

കോഴിക്കോട്: ഉപേക്ഷിച്ച നിലയിൽ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. പന്തീരാങ്കാവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ചാക്കിൽ കുഴിച്ചിട്ട നിലയിലാണ് വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയത്. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപമാണ് സംഭവം. പറമ്പിന്റെ ചുറ്റുമതിൽ കഴിഞ്ഞദിവസം ഇടിഞ്ഞു വീണതോടെയാണ് ചാക്കിനുള്ളിൽ സൂക്ഷിച്ച നിലയിലുള്ള വോട്ടർ ഐ.ഡി കാർഡുകൾ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പന്തീരാങ്കാവ് പൊലീസിലും വില്ലേജ് ഓഫിസിലും വിവരം അറിയിക്കുകയായിരുന്നു.

പരിശോധനയിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകളാണ് കണ്ടെത്തിയത്. ഇവ എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ട്. പന്തീരാങ്കാവ് വില്ലേജ് പരിധിയിലുള്ള പഴയ 131-ാം ബൂത്തിലെ കാർഡുകളാണ് കൂടുതലുള്ളത്. സമീപത്തെ ചില ബൂത്തുകളിലെ ഏതാനും കാർഡുകളും കൂട്ടത്തിലുണ്ട്. മുൻ ബൂത്ത് ലെവൽ ഓഫിസറായി പ്രവർത്തിച്ചിരുന്ന ഇ. വിശ്വനാഥന്റെ വീടിന്റെ പിന്നിലുള്ള പറമ്പിന്റെ മതിൽ തകർന്നപ്പോഴാണ് കാർഡുകൾ കണ്ടെത്തിയത്.

കലക്ടറേറ്റിൽ തിരിച്ചെത്തിക്കേണ്ട പഴയ കാർഡുകൾ ഉപേക്ഷിച്ചതാവാനാണ് സാധ്യതയെന്ന് വില്ലേജ് ഓഫിസർ കെ.എസ്. അനിത്ത് പറഞ്ഞു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വോട്ടർമാരുടെ 2015 വരെ ഉപയോഗത്തിൽ ഉണ്ടായിരുന്ന ഐ.ഡി കാർഡുകളാണ് ഇവയെന്ന് സ്ഥിരീകരിച്ചു. ഒളവണ്ണയിൽ ബി.എൽ.ഒമാരായി പ്രവർത്തിച്ചവർ ആരെങ്കിലുമാകാം ഇത് ഉപേക്ഷിച്ചതെന്നാണ് നിഗമനം. പുതിയ വോട്ടർ ഐ.ഡി കാർഡുകൾ വിതരണം ചെയ്തപ്പോൾ തിരിച്ചെടുത്തവയാകാം ഇതെന്നാണ് ലഭിക്കുന്ന സൂചന. പുതിയ കാർഡുകൾ നൽകിയപ്പോൾ വോട്ടർമാരിൽ നിന്ന് കൈപ്പറ്റിയ പഴയ തിരിച്ചറിയൽ കാർഡുകൾ യഥാക്രമം നശിപ്പിക്കാത്തതാണെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - Pantheerankavu: Buried Voter ID Cards Found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.