എഫ് ട്യൂൺ ക്രീം പരാതി ഒതുക്കാൻ പണം, മെഡിക്കൽ ഷോപ്പുകളിൽ രഹസ്യ വിതരണം; ഡോക്ടർക്കെതിരെ ഡ്രഗ് കൺട്രോൾ വകുപ്പിന്റെ മിന്നൽ നീക്കം

മലപ്പുറം: ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്ന മെർക്കുറി സാന്നിധ്യമുള്ള ‘എഫ് ട്യൂൺ’ ക്രീം രോഗികൾക്ക് നിർദേശിച്ച സംഭവത്തിൽ ഡോ. എസ്.ആർ. ബാലകൃഷ്ണൻ നായർക്കെതിരെ ഡ്രഗ് കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. ഡോക്ടർ സേവനം നടത്തുന്ന ക്ലിനിക്കുകളിലും ക്രീം വിൽപ്പന നടത്തിയ മെഡിക്കൽ സ്റ്റോറുകളിലും വകുപ്പ് വിശദമായ പരിശോധനകൾ നടത്തും.

വിവാദ ക്രീം ഉപയോഗിച്ച മലപ്പുറം സ്വദേശിയായ യുവതിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, സമാന അനുഭവങ്ങൾ പങ്കുവെച്ച് കൂടുതൽ പേർ രംഗത്തെത്തിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. എഫ് ട്യൂൺ ക്രീം പത്ത് വർഷമായി താൻ കുറിച്ചുനൽകുന്നുണ്ടെന്ന് ന്യായീകരിക്കുന്ന ഡോക്ടറുടെ വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. മലപ്പുറത്തെ വിവിധ ക്ലിനിക്കുകളിലൂടെ നൂറുകണക്കിന് രോഗികൾക്ക് ഈ ക്രീം നൽകിയതായാണ് വിവരം.

2016ൽ വളാഞ്ചേരി സ്വദേശിയായ യുവാവിന്റെ ഭാര്യക്ക് സമാന സ്വഭാവമുള്ള ‘ഫൈസ’ എന്ന ക്രീം ഡോക്ടർ നിർദേശിച്ചതായി യുവാവ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് മറ്റൊരു ഡോക്ടറെ സമീപിച്ചപ്പോഴാണ് ഈ ക്രീം ഉപയോഗിക്കരുതെന്ന നിർദേശം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചവരുടെ പരാതികൾ ഒതുക്കിത്തീർക്കാൻ ഡോക്ടർ പണം നൽകിയതായും ആരോപണമുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടാണ് പണം നൽകിയതെന്നാണ് പറയപ്പെടുന്നത്. അതേസമയം, ഡോക്ടറുടെ നിർദേശപ്രകാരമാണ് സമീപത്തെ മെഡിക്കൽ ഷോപ്പുകളിൽ ക്രീം എത്തിച്ചിരുന്നതെന്നും കൃത്യമായ ബില്ലുകളോ ലൈസൻസ് വിവരങ്ങളോ ഇല്ലാതെ മാറ്റി വെച്ചാണ് ഇവ വിതരണം ചെയ്തിരുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

വിവാദം കനത്ത ഘട്ടത്തിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാർ ആശങ്ക അറിയിച്ചപ്പോൾ, ക്രീം മൂലം പ്രശ്നങ്ങളൊന്നുമില്ലെന്നും അതെല്ലാം താനേ മാറുമെന്നും ഡോക്ടർ ലഘുവായി മറുപടി നൽകിയതായും റിപ്പോർട്ടുകളുണ്ട്. മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് കടുത്ത ആരോഗ്യ ജാഗ്രതാ നിർദേശവും നിയമനടപടികളും നേരിടുന്ന സൗന്ദര്യവർധക/ഫെയർനെസ് ക്രീമാണ് എഫ് ട്യൂൺ. യുവതിയുടെ വൃക്കരോഗത്തിന് പിന്നാലെ പൊലീസും ഡ്രഗ്സ് കൺട്രോൾ വകുപ്പും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Probe against doctor over mercury cream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.