ഫോട്ടോ: പി. അഭിജിത്ത്

ഓർമകളിൽ നിറഞ്ഞ് 'പ്രിയപ്പെട്ട പി.ടി'യുടെ മരിക്കാത്ത നിലപാടുകൾ

കൊച്ചി: കാർക്കശ്യം നിറഞ്ഞ നിലപാടുകളും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും നിറഞ്ഞ പി.ടി. തോമസിന്‍റെ ജീവിതം ഓരോരുത്തർക്കും ഊർജമേകുന്നുവെന്ന വാക്കുകളിൽ നിറഞ്ഞ് എറണാകുളം ഡി.സി.സിയുടെ 'പ്രിയപ്പെട്ട പി.ടി' അനുസ്മരണ സമ്മേളനം. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഏത് വിവാദങ്ങൾക്കിടയിലും നിലപാടുകൾ നെഞ്ചൂക്കോടെ ഉറക്കെപ്പറഞ്ഞ് ശരിയോടൊപ്പം നിൽക്കാൻ തന്‍റേടം കാണിച്ച നേതാവായിരുന്നു പി.ടിയെന്ന് സുധാകരൻ അനുസ്മരിച്ചു. കെ.പി.സി.സി അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം ഓരോ കാര്യങ്ങളിലും താൻ ആദ്യം അഭിപ്രായം ചോദിച്ചിരുന്നത് പി.ടിയോടായിരുന്നു. പക്വമായ മറുപടി എല്ലാ കാര്യത്തിലും അദ്ദേഹത്തിൽനിന്ന് ലഭിച്ചിരുന്നു. പി.ടി. തോമസിന്‍റെ കുടുംബം ഓരോ കോൺഗ്രസ് പ്രവർത്തകന്‍റെയും കുടുംബമാണെന്നും അവരെ ചേർത്തുനിർത്തുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.

വിദ്യാർഥികാലം മുതൽ ഏറെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു പി.ടി. തോമസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പി.ടിയുടേത് ഒരിക്കലും ഒറ്റയാൾ പോരാട്ടമായിരുന്നില്ല. എപ്പോഴും തങ്ങൾ കൂടെയുണ്ടായിരുന്നു. പി.ടി. തോമസിന്‍റെ പ്രസംഗങ്ങൾ നിയമസഭയെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു. ശക്തമായ നിലപാടുകളിൽ ഉറച്ചുനിന്ന നേതാവായിരുന്നു പി.ടി. തോമസെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരിച്ചു.

നെഹ്റു ചൂണ്ടിക്കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച രാഷ്ട്രീയ നേതാവായിരുന്നു പി.ടി. തോമസെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. നിലപാടുകൾക്കാണ് ജനമനസ്സുകളിൽ സ്വീകാര്യതയെന്ന് തെളിയിച്ച നേതാവായിരുന്നു പി.ടി. തോമസെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. നിർഭയനായി നിലപാടുകൾ തുറന്നുപറയാൻ മടിക്കാത്ത നേതാവായിരുന്നു പി.ടിയെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ അനുസ്മരിച്ചു. നിലപാടിൽനിന്ന് വ്യതിചലിക്കാത്ത നേതാവായിരുന്നു പി.ടിയെന്ന് മുസ്​ലിം ലീഗ് നേതാവ് എം.കെ. മുനീർ അനുസ്മരിച്ചു.

അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള ആർജവം പി.ടിയുടെ ജീവിതത്തിൽനിന്ന് താൻ പഠിക്കുകയാണെന്ന് കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. സി.പി. ജോൺ, കെ.വി. തോമസ്, ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ്, കെ. ബാബു, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, ടി.ജെ. വിനോദ്, മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ, ദീപ്തി മേരി, ഡൊമിനിക് പ്രസന്‍റേഷൻ, കെ.പി. ധനപാലൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - PT Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.