ജീവനക്കാരന്റെ ഭാര്യക്കും എസ്.എഫ്.ഐക്കാർക്കും ജോലി, എസ്.ഐ.ടി രണ്ട് കേസ് കൂടി രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: പി.എസ്.സി ജീവനക്കാരന്റെ ഭാര്യക്കും എസ്.എഫ്.ഐക്കാർക്കും ജോലി ലഭിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് പരീക്ഷക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്.ഐ.ടി രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ആസൂത്രണ ബോർഡ് പരീക്ഷയിൽ ക്രമക്കേട് വ്യക്തമായതിന് പിന്നാലെയാണിത്. യോഗ്യതയില്ലാത്തവരെയും എസ്.എഫ്.ഐ പ്രവർത്തകരെയും നിയമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫിസർ പരീക്ഷകളുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയും സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം സംശയിക്കുന്നു.
മോട്ടോർ വാഹനവകുപ്പിലെ എ.എം.വി.ഐ നിയമനത്തിലും ക്രമക്കേട് നടന്നെന്നും എസ്.ഐ.ടി കരുതുന്നു. പി.എസ്.സി കോച്ചിങ് സെന്ററുകളുടെ ഇടപെടൽ ഉൾപ്പെടെ സംശയിക്കുന്ന വിഷയത്തിൽ കൂടുതൽ പരിശോധന നടത്തിയശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് എസ്.ഐ.ടി വൃത്തങ്ങൾ പറഞ്ഞു. ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിൽ രണ്ടു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യതയുള്ള സ്ഥാനത്ത് അന്യസംസ്ഥാനത്തുള്ള ഒരു സ്ഥാപനത്തിൽ നിന്നുള്ള 15 ദിവസത്തെ കോഴ്സ് മാത്രം പൂർത്തിയാക്കിയ രേഖയുടെ അടിസ്ഥാനത്തിൽ പി.എസ്.സിയിലെ ഒരു ജീവനക്കാരന്റെ ഭാര്യക്ക് നിയമനം നൽകുകയായിരുന്നെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ റാങ്ക് പട്ടികയിലെ ആദ്യ 110 പേരിൽ 93 പേരും ഫിഷറീസ് സർവകലാശാലയിലെ വിദ്യാർഥികളാണ്. ഇതിൽ ഭൂരിഭാഗവും എസ്.എഫ്.ഐ പ്രവർത്തകരോ ആഭിമുഖ്യമുള്ളവരോ ആണെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.