തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഭയില്‍ ഉന്നയിച്ചു. സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാനടപടികള്‍ അല്പനേരത്തേക്ക് നിര്‍ത്തിവച്ചു. 11 മണിക്ക് കാര്യോപദേശക സമിതി ചേരും.
രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദിയുടെ നടപടിയുടെ തുടർച്ചയാണ് കേരളത്തിലെന്നും വി ഡി സതീശന് ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിനിടയിലും സഭയില്‍ ചോദ്യോത്തരവേള തുടര്‍ന്നു. സഭ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടക്കത്തിലെ സഭ പ്രതിഷേധത്തിൽ മുങ്ങി. പാർലിമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണനും വി.ഡി. സതീശനുമായി ഫോണിൽ സംസാരിച്ചു. എന്നാല്‍, ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമാകാതെ വിട്ടുവീഴ്ചയില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്. പ്ലകാർഡുമായിട്ടാണ് പ്രതിപക്ഷം ഇന്നും സഭയിലെത്തിയത്. പ്രതിപക്ഷത്തെ മനപ്പൂർവ്വം പ്രകോപിപ്പിച്ചുവെന്നും മറുപടി പറയാതെ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെതേന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തിരുവനന്തപുരം: നിയമസഭ നടപടികൾ തുടർച്ചയായി അലങ്കോലപ്പെടുന്നത് അവസാനിപ്പിക്കാൻ സർക്കാറും സ്പീക്കറുടെ ഓഫിസും അനൗപചാരികമായി നടത്തിയ നീക്കവും വിജയിച്ചില്ല. കഴിഞ്ഞദിവസങ്ങളിൽ സഭയിൽ നടന്ന വിവിധ സംഭവങ്ങളിൽ സ്പീക്കർ നൽകിയ റൂളിങ്ങും വലിയ ഫലം കണ്ടില്ല. അതേസമയം, പ്രശ്ന പരിഹാരത്തിന് സർക്കാറോ സ്പീക്കറോ മുൻകൈയെടുത്ത് ചർച്ച നടത്താത്തതിലുള്ള അതൃപ്തി പ്രതിപക്ഷം പരസ്യമായി അറിയിച്ചു.
രണ്ടുദിവസത്തെ ഇടവേളക്കുശേഷം തിങ്കളാഴ്ച സഭ സമ്മേളിച്ചപ്പോഴും അടിയന്തര പ്രമേയ നോട്ടീസ്, എം.എൽ.എമാർക്കെതിരായ കേസ് എന്നീ വിഷയങ്ങളിലെ നിലപാടുകളിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തതോടെ അജണ്ടകളെല്ലാം ചർച്ചകൂടാതെ വേഗത്തിൽ പാസാക്കി സഭ നേരേത്ത പിരിഞ്ഞു.
നിയമസഭ ചേർന്ന് ചോദ്യോത്തരവേള ആരംഭിച്ചതോടെ പ്രതിപക്ഷം പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി. അരമണിക്കൂറോളം നീണ്ട ചോദ്യോത്തരവേളയിൽ ഭരണപക്ഷാംഗങ്ങൾ മാത്രം ചോദ്യങ്ങൾ ഉന്നയിക്കുകയും ബന്ധപ്പെട്ട മന്ത്രിമാർ മറുപടി നൽകുയും ചെയ്തു. അരമണിക്കൂർ കഴിഞ്ഞ് സഭ താൽക്കാലികമായി നിർത്തിവെച്ച് സ്പീക്കർ ചേംബറിലേക്ക് മടങ്ങി. തുടർന്ന് മുൻ നിശ്ചയപ്രകാരം 11ന് കാര്യോപദേശകസമിതി യോഗം ചേർന്നെങ്കിലും പ്രതിപക്ഷം വിട്ടുനിന്നു. മുമ്പ് നിശ്ചയിച്ച കാര്യപരിപാടികളുമായി മാർച്ച് 30 വരെ സഭാസസമ്മേളനം തുടരാൻ 15 മിനിറ്റോളം നീണ്ട കാര്യോപദേശകസമിതി യോഗത്തിൽ തീരുമാനിച്ചു.നിർത്തിവെച്ച സഭ 11.28ന് വീണ്ടും സമ്മേളിച്ചപ്പോൾ കഴിഞ്ഞദിവസങ്ങളിൽ നടന്ന വിവിധ സംഭവങ്ങളിൽ സ്പീക്കർ റൂളിങ്ങും പ്രസ്താവനയും നടത്തി.
ഇതിന് പിന്നാലെ, അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടുന്ന നോട്ടീസ് ഇനി പഴയപടി അനുവദിക്കാനാവില്ലെന്ന സർവകക്ഷിയോഗത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ് അക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ കള്ളക്കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ ഉറപ്പില്ലെങ്കിൽ സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കിയതിന് പിന്നാലെ പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി. അജണ്ടയനുസരിച്ച് വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകൾ മന്ത്രിമാർ മേശപ്പുറത്ത് വെക്കുമ്പോഴും ധനാഭ്യർഥന ചർച്ചക്ക് മുന്നോടിയായി മന്ത്രിമാർ പ്രമേയം അവതരിപ്പിക്കുമ്പോഴും പ്ലക്കാർഡും മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ ബഹളം രൂക്ഷമായി. അതോടെ ചർച്ചകൂടാതെ ധനാഭ്യർഥനകൾ പാസാക്കി 11.49ന് സഭ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.