തൃശൂർ: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുമെന്ന് ബസുടമ സംയുക്ത സമിതി അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ എട്ടിന് സൂചന പണിമുടക്ക് നടത്തും. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വ്യാഴാഴ്ച ചേർന്ന സമരപ്രഖ്യാപന കൺവെൻഷനിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് ബസുടമകൾ സർക്കാറിന് മുന്നിൽവെക്കുന്നത്. 140 കിലോമീറ്ററിൽ കൂടുതൽ ദൂരം സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക എന്നതാണ് പ്രധാനം. കൂടാതെ, വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിത വർധന നടപ്പാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. നിലവിലെ വിദ്യാർഥി കൺസഷൻ സമ്പ്രദായം ബസുടമകൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിയതുപോലെ അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ ലഭിക്കുന്ന തരത്തിൽ ആപ് മുഖേന കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക, ബസ് ഉടമകളിൽനിന്ന് അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം പിൻവലിക്കുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
ഈ ആവശ്യങ്ങളിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ജൂലൈ എട്ടിന് സൂചന സമരം നടത്തുമെന്നും എന്നിട്ടും തീരുമാനം ഉണ്ടായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് പൂർണമായി നിർത്തിവെക്കുമെന്നും സംയുക്ത സമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ സംയുക്ത സമിതി ചെയർമാൻ ഹംസ എരിക്കുന്നൻ, ജനറൽ കൺവീനർ ടി. ഗോപിനാഥൻ, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ്, ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ്, ട്രഷറർ എം.എസ്. പ്രേംകുമാർ, ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. പ്രദീപ്, ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ്, ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന ട്രഷറർ മുജീബ് റഹ്മാൻ, മോട്ടോർ ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസ് ആട്ടോക്കാരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.