നിലമ്പൂർ: കേരളത്തിലെ കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും തകർച്ചക്കും പി.വി. അൻവർ കാരണക്കാരനാവുമെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി.പി. സുനീർ എം.പി. ‘അൻവർ എഫക്റ്റ്’ വോട്ട് പിടിക്കുമെന്ന് കരുതേണ്ട. അൻവറിന്‍റെ സാന്നിധ്യം എൽ.ഡി.എഫിന്‍റെ വോട്ട് വർധിപ്പിക്കുമെന്നും പി.പി. സുനീർ വ്യക്തമാക്കി.
അൻവറിന്‍റെ വാക്കുകൾ യാതൊരു അടിസ്ഥാനവുമില്ലെന്ന് നിലമ്പൂരിലെ ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യപ്പെടും. പിണറായി വിജയനെതിരെ പറയുന്നതിനെക്കാൾ കൂടുതൽ പ്രതിപക്ഷ നേതാവടക്കം യു.ഡി.എഫ് നേതാക്കളെ കുറിച്ച് നിയമസഭക്ക് അകത്തും പുറത്തും അൻവർ പറഞ്ഞിട്ടുണ്ട്. ഇടത് ജനപ്രതിനിധി പറയാത്ത ഭാഷയാണ് അൻവർ ഉപയോഗിച്ചത്.
അൻവറിന്‍റെ പ്രസ്താവനകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എൽ.ഡി.എഫ് തയാറായിട്ടില്ല. ഇപ്പോൾ അൻവർ നടത്തുന്ന പ്രസ്താവനകൾ വ്യക്തിപരമായ താൽപര്യങ്ങൾക്ക് വേണ്ടിയാണ്. അതിന് യാതൊരു രാഷ്ട്രീയ പ്രാധാന്യവുമില്ല. തെരഞ്ഞെടുപ്പിൽ സർക്കാറിന്‍റെ ഭരണനേട്ടങ്ങൾ ഉയർന്നു വരുമെന്നും സുനീർ പറഞ്ഞു.
കേരളത്തിൽ ന്യൂനപക്ഷത്തെയും കേരളത്തിന് പുറത്ത് ഭൂരിപക്ഷത്തെയും കോൺഗ്രസ് സ്നേഹിക്കുന്നു. വോട്ട് മാത്രം ലക്ഷ്യം വെച്ചുള്ള നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. വഖഫ് അടക്കം ദേശീയ വിഷയങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എടുത്ത നിലപാടുകൾക്ക് നിലമ്പൂരിലെ ജനങ്ങൾ കണക്ക് ചോദിക്കുമെന്നും പി.പി. സുനീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.