പൊലീസ് ജീപ്പ് തടഞ്ഞ് നിർത്തി എസ്.ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

ചാരുംമൂട്(ആലപ്പുഴ) : സ്കൂട്ടറിൽ പിന്തുടർന്ന് പൊലീസ് ജീപ്പ് തടഞ്ഞ് നിർത്തി എസ്.ഐയെ വാളിന് വെട്ടിപ്പരിക്കേൽപ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടുത്തത്തിലൂടെ എസ്.ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ യുടെ ചാർജുള്ള എസ്.ഐ തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി.ആർ.അരുൺ കുമാറി ( 37 )നാണ് വെട്ടേറ്റത്.

നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗതൻ(48) പിടിയിലായത്.ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജങ്ഷനിൽ വച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അരുൺ കുമാറിനെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളുകൊണ്ടുള്ള വെട്ടേറ്റ് എസ്.ഐ.യുടെ ഇടതു കൈപ്പത്തിക്കാണ് പരിക്കേറ്റത്. വെയിൻ കട്ടായതോടെ ഏഴ് തുന്നലുകൾ വേണ്ടി വന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

മദ്യപിക്കുന്ന ആളായ സുഗതൻ സഹോദരനോടും ഭാര്യയോടും സ്ഥിരമായി വഴക്കിനെത്തുന്നതായി പരാതി ലഭിച്ചിരുന്നു.തുടർന്ന് പരാതിയിൽ ഞായറാഴ്ച സുഗതനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചയോടെ മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റം മോശമായി തോന്നിയതോടെ തിങ്കളാഴ്ച വരാൻ പറഞ്ഞ് വിട്ടയച്ചിരുന്നു.

വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ്.ഐ ജീപ്പിൽ വരുകയായിരുന്നു. ഡ്രൈവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറിൽ വന്ന പ്രതി പാറ ജങ്ഷനിൽ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടർ വട്ടം വെച്ചു . ജീപ്പിൽ നിന്നും ഇറങ്ങിയ എസ്.ഐയെ വാൾ ഉപയോഗിച്ച് കഴുത്തിന്‌ വെട്ടാൻ ശ്രമിച്ചത് ഇടതു കൈകൊണ്ട് തടയുമ്പോൾ വെട്ടേൽക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടുത്തത്തിലൂടെ എസ്.ഐ അക്രമിയെ പിടികൂടി ജീപ്പിൽ കയറ്റിയ ശേഷമാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് പോയത്.ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എസ്.ഐയെ ആശുപത്രിയിൽ സന്ദർശിച്ചു.ഒരു വർഷം മുമ്പാണ് അരുൺ കുമാർ നൂറനാട് സ്റ്റേഷനിൽ ചാർജ് എടുത്തത്

Tags:    
News Summary - Police, Crime, Kerala Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.