മനുഷ്യക്കടത്ത് കേസിൽ പ്രതികളെ പിടിക്കാനാകാതെ പൊലീസ്

കൊച്ചി: സ്വകാര്യ തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനം വഴി കുവൈത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ മൂന്ന് മാസമായിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായില്ല. എറണാകുളം രവിപുരത്തെ സ്ഥാപനത്തിന്‍റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയെന്ന കേസിലാണ് പൊലീസ് ഇരുട്ടിൽ തപ്പുന്നത്.

കുവൈത്തിൽ കുട്ടികളെ പരിചരിക്കുന്ന ജോലിക്ക് അപേക്ഷ ക്ഷണിച്ച് എറണാകുളത്തും കൊല്ലത്തും നോട്ടീസുകൾ പതിച്ചാണ് റിക്രൂട്ട്മെന്‍റ് നടത്തിയത്. വിസ പ്രോസസിങ്ങും വിമാന ടിക്കറ്റും സൗജന്യമാണെന്ന് കണ്ട് അപേക്ഷിച്ച സ്ത്രീകളാണ് ഇരയായത്. 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായും ഇരകളിൽ ഒരാളുടെ ഭർത്താവ് പറയുന്നു. എറണാകുളം സ്വദേശി അജുവും കണ്ണൂർ സ്വദേശിയായ ഗസാലി എന്ന മജീദും ചേർന്നാണ് റിക്രൂട്ട്മെന്‍റ് നടത്തിയത്. കുവൈത്തിലെത്തിയതോടെ ജോലിക്ക് കയറിയ വീട്ടിൽനിന്ന് ക്രൂര പീഡനത്തിനാണ് ഇരയാകേണ്ടിവന്നതെന്ന് സ്ത്രീകൾ പരാതിയിൽ പറയുന്നു.

തുടർന്ന് റിക്രൂട്ട്മെന്‍റ് നടത്തിയ ഗസാലിയെയും അജുവിനെയും വിളിച്ചെങ്കിലും രക്ഷിക്കാൻ തയാറായില്ല. മർദനം സഹിക്കാനാകാതെ ജോലി ഉപേക്ഷിക്കാൻ തയാറാണെന്ന് അറിയിച്ചതോടെ ഭീഷണിപ്പെടുത്താൻ തുടങ്ങി. വീട്ടുടമസ്ഥ അടിമയെ പോലെയാണ് പെരുമാറിയതെന്നും ആവശ്യത്തിനുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും നിഷേധിച്ചെന്നും പരാതിയിൽ പറയുന്നു. ഗസാലിയോട് നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടപ്പോൾ ജോലിചെയ്തിരുന്ന വീട്ടിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റി. അവിടെ തട്ടിപ്പിനിരയായ മറ്റ് സ്ത്രീകൾ ഉണ്ടായിരുന്നു. നാട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഗസാലിയും മർദിച്ചു. മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സിറിയയിലേക്ക് അയക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് സ്ത്രീകളിലൊരാളുടെ ഭർത്താവ് മലയാളി കൂട്ടായ്മയെ സമീപിക്കുകയും ഇവർ നേരിടുന്ന പീഡനങ്ങൾ ഉൾക്കൊള്ളുന്ന വിഡിയോകളും വോയ്‌സ് ക്ലിപ്പുകളും അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ മലയാളി സംഘം കുവൈത്ത് അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഇവർക്ക് നാട്ടിലെത്താൻ കഴിഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.