അമ്പലപ്പുഴ: പൊലീസും നഗരസഭയും തമ്മിെല തർക്കം മൂലം ദലിത് വയോധികയുടെ മൃതദേഹം സംസ്കരിച്ചത് മണിക്കൂറുകൾക്കുശേഷം. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് പോത്തശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന ഹരിപ്പാട് സ്വദേശിനി സരസമ്മയുടെ (74) മൃതദേഹമാണ് തർക്കത്തെത്തുടർന്ന് സംസ്കരിക്കാനാകാതെ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നത്.
വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സരസമ്മ മരിച്ചത്. മറ്റിടമില്ലാത്തതിനാൽ ആലപ്പുഴ നഗരസഭയുടെ പൊതുശ്മശാനത്തിൽ ഞായറാഴ്ച രാവിലെ 10ന് സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചു. നഗരസഭ പരിധിയിൽ താമസക്കാരല്ലാത്തവരുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കണമെങ്കിൽ പുന്നപ്ര പൊലീസിെൻറ സമ്മതപത്രം വേണമെന്ന് അധികൃതർ പറഞ്ഞു. ഇതിന് പുന്നപ്ര പൊലീസുമായി ബന്ധപ്പെട്ടപ്പോൾ അസ്വാഭാവിക മരണമല്ലാത്തതിനാൽ പഞ്ചായത്തിെൻറ അനുമതിപത്രം ലഭിച്ചാൽ മതിയെന്നായി പൊലീസ്.
ഇതോടെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ ബന്ധുക്കൾ ആശങ്കയിലായി. ബന്ധുക്കളും നാട്ടുകാരും പലതവണ ബന്ധപ്പെട്ടെങ്കിലും ഇരുവരും അവരുടെ നിലപാടിൽ ഉറച്ചുനിന്നു. ഇത് ബന്ധുക്കൾക്കും നാട്ടുകാർക്കുമിടയിൽ പ്രതിഷേധത്തിന് വഴിയൊരുക്കി. തുടർന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധർമ ഭുവനചന്ദ്രനും പഞ്ചായത്ത് അംഗങ്ങളായ ആർ. റെജിമോൻ, സലീന എന്നിവർ ബന്ധപ്പെട്ട് പൊലീസിൽനിന്നുള്ള സമ്മതപത്രം നൽകിയശേഷം ഉച്ചക്ക് 12 ഓടെയാണ് മൃതദേഹം സംസ്കരിക്കാൻ നഗരസഭ അധികൃതർ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.