പൂവച്ചൽ ഖാദർ വിടവാങ്ങി

തിരുവനന്തപുരം: ചലച്ചിത്രഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ (മുഹമ്മദ് അബ്ദുൽ ഖാദർ- 72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളോജാശുപത്രിയിൽ ​െചാവ്വാഴ്​ച പുലർച്ച 12.15 ഓടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോവിഡ്‌ ബാധിതനായി ഈ മാസം 17ന്‌ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ന്യുമോണിയയും ശ്വാസതടസവും സ്ഥിരീകരിച്ചതോടെ വെൻറിലേറ്ററിൽ ചികിൽസയിലായിരുന്നു. ഖബറടക്കം ചൊവ്വാഴ്​ച പൂവച്ചൽ കുഴിയറ കോണം ജമാഅത്ത്​ ഖബറിസ്​ഥാനിൽ.

1973 ൽ വിജയനിർമല സംവിധാനം ചെയ്‌ത 'കവിത' എന്ന സിനിമയിലടെയായിരുന്നു ചലച്ചിത്രരംഗത്തെ തുടക്കം. 'കാറ്റുവിതച്ചവൻ' എന്ന ചിത്രത്തിലെ 'നീ എ​ന്‍റെ പ്രാർത്ഥന കേട്ടു', 'മഴവില്ലിനജ്ഞാതവാസം' തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. തുടർന്ന്‌ ആയിരത്തിലേറെ നിത്യഹരിതഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽനിന്നു പിറന്നു. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, ശരറാന്തൽ തിരിതാഴും, സിന്ദൂര സന്ധ്യയ്ക്ക് മൗനം, ഏതോ ജന്മ കൽപനയിൽ, മൗനമേ നാണമാവുന്നു മേനി നോവുന്നു, ചിത്തിരത്തോണിയിൽ, മലരും കിളിയും ഒരു കുടുംബം തുടങ്ങി മലയാളികൾ എക്കാലവും നെ​േഞ്ചറ്റുന്ന ഹൃദ്യഗാനങ്ങൾ പൂവച്ചലി​ന്‍റെതാണ്​. ചലച്ചിത്രരംഗത്ത്‌ നിറഞ്ഞുനിന്ന എൺപതുകളിൽമാത്രം എണ്ണൂറോളം പാട്ടുകൾ രചിച്ചു.

ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങളും വി എം കുട്ടി, കെ വി അബൂട്ടി തുടങ്ങിയവർക്കുവേണ്ടി മാപ്പിളപ്പാട്ടുകളും എഴുതി. 

ഫിലിം ക്രിട്ടിക്സ്‌ അവാർഡ്, സംഗീത നാടക അക്കാദമി പുരസ്കാരം, മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്കരൻ അവാർഡ്‌ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌. കളിവീണ, പാടുവാൻ പഠിക്കുവാൻ തുടങ്ങിയ കവിതാസമാഹാരങ്ങളും 'ചിത്തിരത്തോണി' എന്ന ഗാനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

തിരുവനന്തപുരം പൂവച്ചൽ ആലമുക്ക് ഇടവഴി തലയ്ക്കൽ വീട്ടിൽ അബൂബേക്കർ കുഞ്ഞി​ന്‍റെയും റാബിയത്തുൽ അദബിയാ ബീവിയുടേയും മകനായി 1948 ഡിസംബർ 25നാണ്‌ ജനനം. ആര്യനാട് ഗവ. ഹൈസ്കൂൾ, തൃശൂർ വലപ്പാട് പോളിടെക്നിക് കോളേജ്‌, തിരുവനന്തപുരം എൻജിനീയറിങ്‌ കോളേജ് എന്നിവിടങ്ങളിലായിയിരുന്നു വിദ്യാഭ്യാസം. പഠനശേഷം ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായി. ഭാര്യ: അമീന. മക്കൾ: തുഷാര (ലൈബ്രേറിയൻ), പ്രസൂന. മരുമക്കൾ: സലീം (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ), ഷെറിൻ (സെക്ഷൻ ഓഫീസർ - കേരളാ യൂണിവേഴ്സിറ്റി).

Tags:    
News Summary - poet and lyricist Poovachal Khader passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.