പി.എം ശ്രീ ധാരണപത്രം ഒക്ടോബർ 16ന് തയാറാക്കി; മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മ​ന്ത്രിമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയും ശിവൻകുട്ടിയും മൗനംപാലിച്ചു

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള ധാരണാപത്രത്തിന്റെ കരട് ഒക് ഒക്​ടോബർ 16നുതന്നെ തയാറാക്കിയെന്ന്​ രേഖകൾ. വ്യാഴാഴ്ച ഡൽഹിയിൽ എത്തി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഒപ്പിട്ട്​ കൈമാറിയ ധാരണാപത്രത്തിന്‍റെ കരടാണ് ഒക്ടോബർ 16ന് തന്നെ തയാറാക്കിയത്. കഴിഞ്ഞ 22ന്​ നടന്ന മന്ത്രിസഭ യോഗത്തിൽ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ തീരുമാനമുണ്ടോ എന്ന്​ മന്ത്രി കെ. രാജൻ ചോദിച്ചിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോ മറുപടി പറഞ്ഞില്ല. ഇതിനുശേഷം തൊട്ടടുത്ത ദിവസം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയെ ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലയച്ച്​ ധാരണാപത്രത്തിൽ ഒപ്പിടുവിച്ച്​ കൈമാറുകയായിരുന്നു.

കേന്ദ്ര സർക്കാറിനുവേണ്ടി വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറി ധീരജ്​ സാഹുവാണ്​ ഒപ്പിട്ടത്​. സംസ്ഥാന​ പൊതുവിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറി ഡോ. എസ്​. ചിത്ര, എസ്​.എസ്​.കെ സംസ്ഥാന ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ എന്നിവർ സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്ന്​ സാക്ഷികളായി ഒപ്പിട്ടു​. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) പൂർണാർഥത്തിൽ നടപ്പാക്കണമെന്ന്​ ധാരണാപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥയായി ഉൾപ്പെടുത്തിയിട്ടുണ്ട്​. സ്കൂളുകളുടെ പേരിന്​ മുന്നിൽ പി.എം ശ്രീ എന്ന്​ ചേർക്കണം. പിന്നീട്​ പേര്​ മാറ്റാൻ പാടില്ല എന്നീ വ്യവസ്ഥകളുമുണ്ട്.

സർക്കാർ നിർദേശപ്രകാരം വ്യാഴാഴ്ച ഡൽഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പി.എം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ ഫണ്ട് തടയപ്പെട്ട സമഗ്രശിക്ഷ കേരളത്തിന്‍റെ (എസ്.എസ്.കെ) ഡയറക്ടർ ഡോ. എ.ആർ. സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. മൂന്നുതവണ മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ പദ്ധതിയിൽ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജൻ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചു.

പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടൻ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വർഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്.

Tags:    
News Summary - PM Shri project issue in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.