തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ എം.എ ബേബിയുടെ വിമർശനത്തിനോട് പ്രതികരിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫിർ സ്ക്രീൻഷോട്ട് വിഷയത്തെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല. പിഎം ശ്രീ വിവാദം സബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച ചോദ്യമുയർന്നത്. ‘മാഷേ, തളിപ്പറമ്പിൽ ഔചിത്യം ഉണ്ടായില്ല എന്നാണ് എംഎ ബേബി പറഞ്ഞത്’ എന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞതോടെ ‘ഉം’ എന്ന് പറഞ്ഞ് സംസാരം അവസാനിപ്പിച്ച് തിരിച്ച് നടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് ഇ.എം.എസിന്‍റെ ലോകം ദേശീയ സെമിനാറിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കവേയാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ഗോവിന്ദനെ പരോക്ഷമായി വിമർശിച്ചത്. നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നിയാൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമെന്നായിരുന്നു ബേബിയുടെ പരാമർശം. തളിപ്പറമ്പിൽ ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയത് പാർട്ടിക്കകത്തും പുറത്തും വൻ വിവാദം സൃഷ്ടിച്ചിരുന്നു.
അതിനിടെ, പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ സർക്കാർ കരാർ മരവിപ്പിച്ചെന്നും ബിജെപിക്ക് മുന്നിൽ യുഡിഎഫ് സർക്കാർ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ കത്ത് അയച്ചിട്ടില്ലെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ മറ്റൊരു കളവാണെന്നും ഗോവിന്ദൻ പറഞ്ഞു. 'ഞങ്ങൾ അധികാരത്തിലേറിയാൽ പിഎം ശ്രീയെ ഒരുനിലക്കും വെച്ചുപൊറുപ്പിക്കില്ലെന്നാണ് വി.ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇത്തരം നീക്കങ്ങളെ അറബിക്കടലിലേക്ക് തള്ളുമെന്നാണ് ഷാജിയെ പോലുള്ളവർ പറഞ്ഞിരുന്നത്. ബിജെപിയും സിപിഎമ്മുമായി ചേർന്നുള്ള ഡീലിന്‍റെ ഭാഗമാണ് അതെന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായി മാറിയപ്പോൾ എന്തെല്ലാം മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് മാത്രമല്ല, വലിയ കളവുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെക്കുകയും പണം വാങ്ങുകയും ചെയ്തെന്നാണ് സിപിഎം നേരത്തെ പറഞ്ഞിരുന്നത്. കളവ് മാത്രം പറയുന്ന പ്രതിപക്ഷ നേതാവെന്ന് പറഞ്ഞിടത്ത് നിന്ന്, കളവ് പറയുന്ന മുഖ്യമന്ത്രിയാണ് ഞങ്ങൾക്കുള്ളതെന്ന് പറയാൻ വിഷമമുണ്ടെങ്കിലും പറയാതിരിക്കാനാവില്ല’ -ഗോവിന്ദൻ പറഞ്ഞു.
‘മുഖ്യമന്ത്രി വലിയ കളവാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പണം വാങ്ങിയില്ലെന്ന് മാത്രമല്ല, ഏത് ബ്ലോക്കിലാണ്, ഏതെല്ലാ സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്ന് പോലും ഞങ്ങൾ തീരുമാനിച്ചില്ല. നടപ്പിലാക്കുകയല്ല ഞങ്ങൾ ചെയ്തത്. മരവിപ്പിക്കുകയാണ് ചെയ്തത്. യഥാർത്ഥത്തിൽ കളവ് മാത്രം പറഞ്ഞുകൊണ്ട്, ബിജെപിക്ക് പൂർണമായിട്ടും കീഴടങ്ങിയിട്ടുള്ള ഒരു നിലപാടാണ് യഥാർത്ഥത്തിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നമ്മൾ കണ്ടത്. ഇപ്പോൾ തുടർച്ചയായി ബിജെപിയുടെ നിലപാടിനോടൊപ്പമാണ്. എംജി യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലറെ തീരുമാനിക്കുമ്പോൾ ഒരക്ഷരം അതിനെതിരായിട്ട് മിണ്ടിയിട്ടില്ല. 19 സെനറ്റ് അംഗങ്ങളിൽ ആർഎസ്എസുകാരെ തീരുമാനിക്കുമ്പോഴും ഒരു അക്ഷരം മിണ്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തിലും ശേഷവും പൂർണമായി ബിജെപിക്ക് കീഴടങ്ങിയ പ്രവർത്തനമാണ് നടത്തുന്നത്’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.