കൊച്ചി: പള്ളിക്കേസിൽ ബലപ്രയോഗത്തിലൂടെ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് വിശ്വാസികളുടെ ജീവഹാനിക്കുവരെ കാരണമായേക്കുമെന്ന് പൊലീസ് ഹൈകോടതിയിൽ. എണ്ണത്തിൽ കുറഞ്ഞവർക്ക് അനുകൂലമായതാണ് കോടതിവിധി. ഇത് നടപ്പാക്കാനുള്ള ശ്രമം ഭൂരിപക്ഷം വരുന്ന മറുവിഭാഗം തടയുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങളാണുണ്ടാക്കുന്നത്. ആരാധനാലയമായതിനാൽ പൊലീസ് ഇടപെടലിന് നിയന്ത്രണമുണ്ട്.
കോടതിവിധിക്ക് അനുകൂലമായി പള്ളി പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരെ കടത്തിവിട്ടാൽ സംഘർഷത്തിലും വെടിവെപ്പിലും ആളുകളുടെ മരണത്തിലുമാകും കലാശിക്കുക. രക്തച്ചൊരിച്ചിൽ ഒഴിവാക്കി സുപ്രീംകോടതി വിധി സമാധാനപരമായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പിറവം സി.െഎ കെ.എസ്. ജയൻ ഹൈകോടതിയിൽ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നതടക്കം ആവശ്യപ്പെടുന്ന ഹരജികളിലാണ് പൊലീസിെൻറ വിശദീകരണം. ഹരജികൾ ൈഹകോടതി വിധിപറയാൻ മാറ്റി.
സുപ്രീംകോടതി വിധിപ്രകാരം സെൻറ് മേരീസ് പള്ളി വിട്ടുകിട്ടാൻ ഒാർത്തഡോക്സ് വിഭാഗവും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് യാക്കോബായ വിഭാഗവും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പിറവം ഇടവകയിൽ ആകെ 2519 കുടുംബ യൂനിറ്റുകളും 8800 വിശ്വാസികളുമുള്ളതിൽ 282 കുടുംബ യൂനിറ്റുകളും 1500 വിശ്വാസികളും മാത്രമാണ് അനുകൂല കോടതിവിധി ലഭിച്ച ഓർത്തഡോക്സ് വിഭാഗക്കാരായി ഉള്ളതെന്ന് പൊലീസ് വിശദീകരണ പത്രികയിൽ പറയുന്നു.
പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകുന്നതടക്കം 18 വ്യവസ്ഥകൾ വിശദീകരണ പത്രികയിൽ ഉൾപ്പെടുത്തിയാണ് കോടതിക്ക് സമർപ്പിച്ചത്. സമാധാന അന്തരീക്ഷം ഉണ്ടാകുന്നതുവരെ സ്ഥിരമായി പൊലീസ് സംരക്ഷണം നൽകുന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കുന്നത് പ്രായോഗികമാണോയെന്ന് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും കേന്ദ്ര സേനയെ നിയോഗിക്കാൻ ഉത്തരവിടണമെന്നും ഒാർത്തഡോക്സ് വിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.