അഞ്ചുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സി.എന്‍.ജിയിലേക്ക് -മുഖ്യമന്ത്രി

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളെല്ലാം സി.എന്‍.ജി ഇന്ധനത്തിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി നഗരത്തിലുള്‍പ്പെടെ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്നില്‍ക്കണ്ട് കേരളത്തില്‍ മലിനീകരണ നിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ജലഗതാഗതവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കും. ഇതിന്‍െറ തുടക്കം കൊച്ചി നഗരത്തില്‍ ആരംഭിച്ചു. ഇന്ത്യയിലെ ഗതാഗതമന്ത്രിമാരുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റോഡ് സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സംസ്ഥാനത്തിന്‍െറ ഭൗതിക സാഹചര്യങ്ങള്‍ക്കുള്ളില്‍നിന്ന് പരമാവധി സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കാന്‍ പെട്രോനെറ്റ് എല്‍.എന്‍.ജിയും ടാറ്റയും സംയുക്തമായി കൈമാറിയ എല്‍.എന്‍.ജി ബസിന്‍െറ ഫ്ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു.

കെ.എസ്.ആര്‍.ടി.സി പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുന്ന സി.എന്‍.ജി ബസും ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച ഇലക്ട്രിക് ബസുകളും ഓട്ടോറിക്ഷകളും മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്ര മന്ത്രി ധര്‍മേന്ദ്രപ്രധാന്‍, രാജസ്ഥാന്‍ ഗതാഗതമന്ത്രി യൂനസ്ഖാന്‍ തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സ്വാഗതം പറഞ്ഞു. ‘ബെസ്റ്റ് പ്രാക്ടീസസ് ഓണ്‍ ഇ-ഗവേണന്‍സ് ആന്‍ഡ് റോഡ് സേഫ്റ്റി’ വിഷയത്തില്‍ ഗതാഗത കമീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍ പവര്‍പോയന്‍റ് പ്രസന്‍േറഷന്‍ അവതരിപ്പിച്ചു.

 

News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.