എം.വി.ആര്‍ ചരമ വാര്‍ഷികാചരണം; എം.വി.ആറിനെ കുറിച്ച് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി

കണ്ണൂര്‍: എം.വി.ആര്‍ ഫൗണ്ടേഷന്‍ പ്രഥമ പുരസ്കാരവിതരണവും സെമിനാറും വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ എം.വി. രാഘവനെ കുറിച്ച് പരാമര്‍ശിച്ചില്ല. എം.വി. രാഘവന്‍െറ രണ്ടാം ചരമ വാര്‍ഷികാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ചൊവ്വാഴ്ച വൈകീട്ട് സംഘടിപ്പിച്ച ചടങ്ങാണ് മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തത്.
നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ എത്താനാവാത്തതില്‍ ഖേദം പ്രകടിപ്പിച്ചാണ് പിണറായി പ്രസംഗമാരംഭിച്ചത്. ‘ഇന്ത്യന്‍ ദേശീയ സാഹചര്യവും ഇടതുപക്ഷവും’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ആര്‍.എസ്.എസ് ആണ് ഭരണം നിയന്ത്രിക്കുന്നത് എന്നതാണ് രാജ്യം നേരിടുന്ന കടുത്ത ഭീഷണിയെന്ന് പിണറായി പറഞ്ഞു.

ആര്‍.എസ്.എസിനെ കടന്നാക്രമിച്ച് മുന്നേറിയ പ്രസംഗത്തില്‍ ഘര്‍ വാപസിയും ദലിത് പീഡനങ്ങളും പരാമര്‍ശിക്കപ്പെട്ടു. വര്‍ഗീയത ഏതായാലും സമൂഹത്തിന് ആപത്താണ്. തീവ്രവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനെതിരെ ജാഗ്രതാബോധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സംഘാടകരുടെ പേരുപറയാതെ സെമിനാര്‍ സംഘടിപ്പിച്ചവര്‍ക്ക് അഭിനന്ദനമറിയിച്ചാണ് മുഖ്യമന്ത്രി പ്രസംഗമവസാനിപ്പിച്ചത്.
അതേസമയം, ചടങ്ങില്‍ സംസാരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഇന്ത്യയിലെ ഇടതുപക്ഷത്തിന്‍െറ യോജിപ്പില്ലായ്മയാണ് എം.വി.ആര്‍ ആശങ്കയോടെ കണ്ടതെന്ന് പറഞ്ഞു. പാര്‍ലമെന്‍റ് അംഗങ്ങളുടെ എണ്ണംകൊണ്ടോ മെംബര്‍ഷിപ് കൊണ്ടോ ഇടതുപക്ഷത്തെ അളക്കാനാവില്ളെന്നും കാനം വ്യക്തമാക്കി.

 

News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.