മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു

സംഘ്പരിവാറിനെ എതിർക്കുന്ന എൽ.ഡി.എഫ് ജയിക്കണോ മൃദുസമീപനമെടുക്കുന്ന യു.ഡി.എഫ് ജയിക്കണോ? -മുഖ്യമന്ത്രി

തൃശൂർ: സംഘ്പരിവാറിനെ എതിർക്കുന്ന എൽ.ഡി.എഫ് ആണ് തെരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് അതോ മൃദുസമീപനമെടുക്കുന്ന യു.ഡി.എഫ് ജയിക്കണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വിരുദ്ധ നിലപാടെടുക്കുന്ന യു.ഡി.എഫിന് വോട്ടർമാർ കനത്ത ശിക്ഷ നൽകും. എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്നും ബി.ജെ.പി മുന്നണി മൂന്നാമതാകുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തെ തകർക്കുക എന്ന നിലപാടിന്‍റെ ഭാഗം തന്നെയാണ് കേരളത്തിലെ സഹകരണ മേഖലയോടുള്ള ബി.ജെ.പിയുടെ നിലപാട്. കടുത്ത വിരോധപരമായ സമീപനമാണ് കേരളത്തോട് ബി.ജെ.പി സ്വീകരിച്ചുവരുന്നത്. നോട്ട് നിരോധകാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമാണ് നടന്നത്. ഏതെങ്കിലും ഒരു സംഭവം നടന്നതിന്‍റെ പേരിൽ കേരളത്തിന്‍റെ സഹകരണ മേഖലയെ ആകെ അപകീർത്തിപ്പെടുത്താനോ ഇല്ലാതാക്കാനോ ഉള്ള പ്രവർത്തനമല്ല നടത്തേണ്ടത്. കുറ്റം ചെയ്തവർക്കെതിരെ അർഹമായ ശിക്ഷ ലഭിക്കത്തക്ക നടപടികൾ സ്വീകരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. കരുവന്നൂരിന്‍റെ കാര്യത്തിലും ഇതേ സമീപനമാണ് സർക്കാർ സ്വീകരിച്ചത്.

സ്ഥിരം തൊഴിൽ സ്വപ്നം പോലുമല്ലാതാകുന്ന അവസ്ഥയിലാണ് രാജ്യം. പത്ത് വർഷത്തെ പ്രോഗസ് കാർഡ് വെച്ച് വോട്ട് ചോദിക്കാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോ?അഞ്ച് വർഷത്തിനിടെ 10 ലക്ഷം കോടിയോളം രൂപയുടെ കോർപറേറ്റ് ലോണുകളാണ് പൊതുമേഖല ബാങ്കുകൾ എഴുതിത്തള്ളിയത്. പൗരത്വ ഭേദഗതി നിയമം കേമത്തമായി പറയുകയും ഏകസിവിൽ കോഡ് അടക്കമുള്ള അജണ്ട മുൻ നിർത്തി രാജ്യത്ത് ധ്രുവീകരണത്തിന് വഴിമരുന്നിടുകയും ചെയ്യുന്ന ബി.ജെ.പി പ്രകടന പത്രികയുടെ ജനകീയ വിചാരണയാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് സുപ്രീംകോടതിയിൽനിന്ന് തിരിച്ചടി കിട്ടി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രം ചെലുത്തുന്ന നിയന്ത്രണാധികാരങ്ങൾ വിശദമായി പരിഗണിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പൂർണമായി സുപ്രീംകോടതി അംഗീകരിക്കുകയാണ് ചെയ്തത്. അങ്ങിനെയൊരു വിധി എങ്ങിനെയാണ് തിരിച്ചടിയായി എന്ന് പറയുന്നത് -അദ്ദേഹം ചോദിച്ചു. 

Tags:    
News Summary - Pinarayi Vijayan press meet against central govt and UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.