ഇന്ത്യൻ നാവികരുടെ മരണം: കേന്ദ്രത്തിന്റെ അമേരിക്കൻ വിധേയത്വം ലജ്ജാകരം -പിണറായി വിജയൻ

തിരുവനന്തപുരം: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും കേന്ദ്ര സർക്കാർ കാണിക്കുന്ന അമേരിക്കയോടുള്ള വിധേയത്വം ലജ്ജാകരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യൻ ജീവനക്കാരുള്ള മറ്റൊരു കപ്പലിന് നേരെയും സമാനമായ രീതിയിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിട്ടും നിശിതമായ വിമർശനത്തിനോ കർശനമായ നടപടികൾക്കോ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല. വിഷയത്തിലുള്ള ഇന്ത്യയുടെ പ്രതികരണം കേവലമൊരു പ്രതിഷേധത്തിൽ മാത്രം ഒതുങ്ങാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ നാവികരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്കയോട് കേന്ദ്ര സർക്കാർ ശക്തമായി ആവശ്യപ്പെടണമെന്ന് പിണറായി വിജയൻ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്ന സൈനിക ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തണം.

ഹുർമുസ് കടലിടുക്കിന് സമീപമുള്ള ഉപരോധം പിൻവലിച്ച് സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ അമേരിക്കക്ക് മേൽ ശക്തമായ നയതന്ത്ര സമ്മർദ്ദം ചെലുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കുറിച്ചു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ആഗോളതലത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ ബാധിക്കുന്നതാണെന്നും, ശക്തമായ നടപടികളിലൂടെ മാത്രമേ ഇത്തരം കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ കഴിയൂ എന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം വേദനിപ്പിക്കുന്നതാണ്. അതിനു ശേഷവും ഇന്ത്യൻ ജീവനക്കാരുള്ള മറ്റൊരു കപ്പൽ സമാനമായ രീതിയിൽ അമേരിക്കൻ സൈന്യത്താൽ ആക്രമിക്കപ്പെട്ടു.

സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും അമേരിക്കയോടുള്ള ലജ്ജാകരമായ വിധേയത്വം അവസാനിപ്പിച്ച് കൂടുതൽ നിശിതമായ വിമർശനത്തിനോ കർശനമായ നടപടികൾക്കോ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല. ഈ വിഷയത്തിലുള്ള പ്രതികരണം കേവലമൊരു പ്രതിഷേധത്തിൽ മാത്രം ഒതുങ്ങാൻ പാടില്ല.

ഇന്ത്യൻ നാവികരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്കയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടണം. പശ്ചിമേഷ്യയിലെ അമേരിക്കൻ ആക്രമണങ്ങൾ അവസാനിപ്പിക്കാനും, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഉപരോധം പിൻവലിച്ച് സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കാനും അമേരിക്കയ്ക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

Tags:    
News Summary - Pinarayi Slams Centre’s US Stand on Sailors’ Deaths; Seeks Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.