തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ പൊലീസ് കള്ളക്കഥ ചമച്ചുവെന്നടക്കം കണ്ടെത്തലുകളുമായി കേസിലെ പുനരന്വേഷണ റിപ്പോർട്ട്. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ കുടുക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നും പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വിദ്യാധരൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയായ ഓമന ഡാനിയൽ മാല വീട്ടിലെ സോഫക്ക് താഴെ വെച്ച് മറന്നുപോവുകയാണ് ഉണ്ടായതെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
കാണാതായ മാല വീടിന് പിന്നിൽ ചവർ കൂട്ടിയിട്ടിരുന്നിടത്തുനിന്നാണ് കണ്ടെത്തിയതെന്ന പൊലീസിന്റെ കഥ കെട്ടിച്ചമച്ചതാണ്. ഇത് കുറ്റമാരോപിക്കപ്പെട്ട ബിന്ദുവിന്റെ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലീസ് കെട്ടിച്ചമച്ചതാണ്. യഥാർഥത്തിൽ, ഓമന ഡാനിയേൽ തന്നെയാണ് പിന്നീട് മാല വീട്ടിൽ മറന്നുവെച്ചിടത്തുനിന്ന് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്.
ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൌസ് ഓഫീസർ ശിവകുമാറിന്റെ അറിവോടെയായിരുന്നു. രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ദളിത് യുവതിയെ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ്.എച്ച്.ഒ ശിവകുമാർ, പരാതിക്കാരി ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടിവേണമെനും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ചുള്ളിമാനൂർ സ്വദേശി ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്റെ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. സംഭവത്തിന് നാലു ദിവസം മുമ്പായിരുന്നു ബിന്ദു വീട്ടിൽ ജോലിക്കെത്തിയത്. പരാതിക്ക് പിന്നാലെ, ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ, അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയിൽ നിന്നും കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയക്കുകയും ചെയ്തു.
സംസ്ഥാന പൊലീസിനാകെ നാണക്കേടായ സംഭവത്തിൽ കുറ്റക്കാരായ എസ്.ഐയെയും എ.എസ്.ഐയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കാണാതായ സ്വർണം എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷണം നടത്താതെയാണ് കേസ് അവസാനിപ്പിച്ചത്.
ഇതിന് പിന്നാലെ, പൊലീസ് പീഡനത്തിൽ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നൽകിയ പരാതിയിൽ ജില്ലക്ക് പുറത്തുള്ള ഡി.വൈ.എസ്.പി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് ഡി.വൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ വെളിപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.