പെരിയ ഇരട്ടക്കൊലക്കേസ്; നാലു പ്രതികളുടെ പരോൾ തടഞ്ഞു

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വിവാദമായതിനു പിന്നാലെ നാലു പ്രതികളുടെ പരോൾ താൽക്കാലികമായി അധികൃതർ തടഞ്ഞു. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രതികളെ പുറത്തുവിടില്ല.

ആറ് പ്രതികൾ ഇറങ്ങിയതിന് പിന്നാലെയാണ് കൂട്ട പരോൾ വിവാദമായത്. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടിയിരുന്നു. പരോൾ അനുവദിച്ചതിലെ വസ്തുതകൾ സമഗ്രമായി അന്വേഷിക്കാനായിരുന്നു നിർദേശം. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പരോൾ അനുവദിച്ചതിനു പിന്നാലെ കേസിലെ അഞ്ചു പ്രതികൾ മെയ് 18നും ഒരു പ്രതി 20നുമാണ് പുറത്തിറങ്ങിയത്.

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകരായ പ്രതികൾക്ക് ചട്ടവിരുദ്ധമായാണ് പരോൾ അനുവദിച്ചതെന്നാണ് ആരോപണം. ഒന്നാംപ്രതി പീതാംബരന് കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നുതവണയും മറ്റ് പ്രതികൾക്ക് രണ്ടുതവണ വീതവും പരോൾ അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം. എൽ.ഡി.എഫ് സർക്കാർ അധികാരം ഒഴിയുന്നതിനു തൊട്ടു മുമ്പായാണ് പ്രതികൾക്ക് പരോൾ അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങുന്നത്. 20 ദിവസത്തെ പരോൾ ആണ് ലഭിച്ചിരിക്കുന്നത്.

ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ബിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് പുറത്തിറങ്ങിയത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ ആരോപിച്ചിരുന്നു. നാലു മാസത്തിനകം മൂന്നാമത്തെ പരോൾ ആണിതെന്നും അദ്ദേഹം പറഞ്ഞു.

2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നത്. കേസിൽ സുബീഷ്, സുരേന്ദ്രൻ ഉൾപ്പെടെ പത്ത് പ്രതികൾക്ക് എറണാകുളം സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സി.പി.എം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പ്രതികളാണ് കേസിൽ. 10 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.

Tags:    
News Summary - Periya double murder case: Parole of four accused blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.