ശബരിമല: തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ കടുപ്പിച്ചതോടെ സന്നിധാനം ശാന്തം. ചൊവ്വാഴ്ചത്തെ ഭയാനകമായ അവസ്ഥക്കുശേഷം ബുധനാഴ്ച ശബരിമല സാധാരണ നിലയിലേക്ക് മാറി. രാവിലെ മുതൽ തിരക്കുണ്ടായിരുന്നെങ്കിലും ശരണപാതയിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നു. പുലർച്ച മൂന്നിന് നട തുറന്നതു മുതൽ ദർശനം സുഗമമായി നടന്നു.
പമ്പയിലെ സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ ബുധനാഴ്ച പൂർണമായും നിലയ്ക്കലിലേക്ക് മാറ്റി. 20,000 പേർക്ക് മാത്രമാണ് സ്േപാട്ട് ബുക്കിങ് അനുവദിച്ചത്. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്തദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. ഹൈകോടതി നിർദേശപ്രകാരം വ്യാഴാഴ്ച മുതൽ സ്പോട്ട് ബുക്കിങ് 5,000 ആയി കുറക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
സന്നിധാനത്തെ തിരക്ക് പരിഗണിച്ച് മാത്രമാണ് നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിട്ടത്. ഇടവഴികളിലൂടെ ഭക്തർ എത്തുന്നതും പൊലീസ് തടഞ്ഞു. നിയന്ത്രണങ്ങളെതുടർന്ന് സന്നിധാനത്തെ വൻ തിരക്കൊഴിഞ്ഞത് ഭക്തർക്കും ആശ്വാസമായി.
ചൊവ്വാഴ്ച രാത്രി 10 മണിക്കൂറിലധികം കാത്തുനിന്നവരാണ് ബുധനാഴ്ച രാവിലെ ദർശനം നടത്തിയത്. പിന്നീട് കാത്തിരിപ്പ് സമയം കുത്തനെ കുറഞ്ഞു. പമ്പയിലും തിരക്ക് കുറഞ്ഞു. പമ്പയിലെയും സന്നിധാനത്തെയും തിരക്കൊഴിവാക്കാൻ നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽനിന്ന് തീർഥാടക വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. നിലയ്ക്കലിൽനിന്നും പമ്പയിൽനിന്നും ഘട്ടംഘട്ടമായാണ് ഭക്തരെയും കടത്തിവിട്ടത്. തിരക്കേറുന്ന സമയം പത്തനംതിട്ട, എരുമേലി ഇടത്താവളങ്ങളിൽ സ്വാമിമാരെ നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ തൃശൂരിൽനിന്നുള്ള 32 അംഗ എന്‍.ഡി.ആര്.എഫ് സംഘം സന്നിധാനത്തെത്തി ചുമതലയേറ്റു. ചെന്നൈയിൽനിന്നുള്ള മറ്റൊരു സംഘം വൈകീട്ടോടെ എത്തി. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. ഭക്തർക്ക് കുടിവെള്ളം ഉറപ്പാക്കി.
81,547 പേരാണ് ചൊവ്വാഴ്ച പമ്പയിൽ നിന്ന് മല കയറിയത്. ഇത് നിയന്ത്രിക്കാൻ കഴിയുന്ന സംഖ്യയായിരുന്നു. എന്നാൽ, ഇവരിൽ പലരും കുറുക്കുവഴികളിലൂടെ കൂട്ടമായി പതിനെട്ടാംപടിക്ക് താഴേക്ക് എത്തിയതാണ് ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.