ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്ക് ഐ.എസ്.ഒ അംഗീകാരം

ആലപ്പുഴ: പൊലീസ് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി, ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്കു സ്തുത്യർഹമായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചു. എറണാകുളം മേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഡോ. എസ്. സതീഷ് ബിനോ, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ , ചേർത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷൻ ഓഫീസർമാർ ബഹുമതി ഏറ്റുവാങ്ങി.

ആധുനിക സൗകര്യങ്ങൾ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം എന്നിവക്കുള്ള അംഗീകാരമാണ് ഐ.എസ്.ഒ. മാനുഷിക-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും പിന്തുണാ സേവനങ്ങൾക്കുമുള്ള സ്റ്റേഷനുകളുടെ പ്രതിജ്ഞാബദ്ധതയും ഈ അംഗീകാരം എടുത്തുകാട്ടുന്നു. പൊലീസ് വകുപ്പുകൾ പലപ്പോഴും ഭീഷണി, പീഡനം, മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങൾ നേരിടാറുണ്ട്. എന്നാൽ നിലവിലെ കാലഘട്ടത്തിൽ പൊലീസ് സ്റ്റേഷനുകൾ മാതൃകാപരമായ സേവനദാതാക്കളായി മാറിയതിന്റെ തെളിവാണ് ഈ നേട്ടം.

എഫ്.ഐ.ആർ രജിസ്ട്രേഷനുള്ള വിവരങ്ങളുടെ പ്രാഥമിക ഉറവിടമായി വർത്തിക്കുന്ന പരാതിപരിഹാരസംവിധാനം പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ നിർണായക ഘടകമാണ്. പരാതി അന്വേഷണങ്ങൾ എ.എസ്‌.പി ഓഫീസിൽ നേരിട്ടു നിരീക്ഷിക്കുന്നു. 15 ദിവസത്തിനുള്ളിൽ പരാതികൾ തീർപ്പാക്കുന്നതിനായി ഈ സംവിധാനം പ്രവർത്തിക്കും.

പൊലീസ് സ്റ്റേഷനുകളിൽ തിരക്കു കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായി ഉപേക്ഷിക്കപ്പെട്ട നാനൂറിലധികം വസ്തുക്കൾ ജില്ലാ പൊലീസ് സ്റ്റോറിലേക്കു തിരികെ നൽകുകയും ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കുകകയും ചെയ്തു. ഈ നടപടികൾ സ്റ്റേഷനുകൾക്കുള്ളിൽ ആവശ്യത്തിനു സ്ഥലം ലഭിക്കാൻ സഹായിച്ചു.

ചേർത്തല സബ് ഡിവിഷനിലെ എല്ലാ വാഹനങ്ങളുടെയും സമഗ്രമായ വിവരസഞ്ചയം സൃഷ്ടിച്ചു. ക്ലെയിം ചെയ്യാത്ത വാഹനങ്ങൾ ലേലം ചെയ്യാനുള്ള പ്രക്രിയ ആരംഭിച്ചു. ചേർത്തല സബ് ഡിവിഷൻ “കടലാസ്‌രഹിതഭരണം/കടലാസിന്റെ ആവശ്യകത കുറഞ്ഞ ഭരണനിർവഹണം” എന്ന നയം സ്വീകരിച്ചു. ഡിജിറ്റൽ സംവിധാനങ്ങൾവഴി കേസ് ഡയറികളും കുറ്റപത്രങ്ങളും സമർപ്പിക്കുന്നതിലൂടെ പ്രതിമാസം 50,000 കടലാസുകൾ ലാഭിക്കാനാകും.

കനത്ത മഴയിൽനിന്നു കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ആയുസ് വർധിപ്പിക്കുന്നതിനുമായി ട്രസ് വർക്ക്, വാട്ടർപ്രൂഫിങ്, റീപെയിന്റിങ് തുടങ്ങിയ നടപടികൾ സ്വീകരിച്ചു. സ്റ്റേഷനുകളിലെ ജോലി അന്തരീക്ഷവും പൊതുജന ഇടപെടലും മെച്ചപ്പെടുത്തുന്നതിനു ജീവനക്കാർക്കു പ്രത്യേക ഇടങ്ങൾ, മെച്ചപ്പെട്ട വിശ്രമമുറികൾ, വാട്ടർ കൂളറുകൾ, ഇരിപ്പിടങ്ങൾ പോലുള്ള ജനസൗഹൃദ സൗകര്യങ്ങൾ എന്നിവയൊരുക്കി.

Tags:    
News Summary - Pattanakkad and Muhamma Police Stations in Alappuzha District are ISO approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT