പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച പത്തനംതിട്ട പീഡനക്കേസിലെ അതിജീവിതയായ പെൺകുട്ടിയെ ആശുപത്രി മോർച്ചറിക്കടുത്ത് വെച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പൊലീസ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിക്ക് സമീപം വെച്ചാണ് 4 പേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്. 2024 ജനുവരിയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചും പീഡനത്തിന് ഇരയായിട്ടുണ്ട്.
അതിനിടെ, ഏഴുപേരെക്കൂടി അറസ്റ്റ് ചെയ്തു. മൂന്നുപേർ കസ്റ്റഡിയിലുണ്ട്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെ 27 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇലവുംതിട്ട പൊലീസ് ഞായറാഴ്ച ഒമ്പത് എഫ്.ഐ.ആറാണ് കുട്ടിയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇലവുംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ആറുപേരും പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത ഏഴുകേസുകളിൽ 21 പേരുമാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുള്ള മൂന്നുപേരുടെ അറസ്റ്റ് ചോദ്യംചെയ്യലിനു ശേഷമാകും രേഖപ്പെടുത്തുക. പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ പിടിയിലായ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്.
പത്തനംതിട്ട പൊലീസ് ശനിയാഴ്ച വൈകീട്ട് റാന്നിയിൽനിന്നാണ് ആറുപേരെ പിടികൂടിയത്. പി. ദീപു (22), അനന്ദു പ്രദീപ് (24), അരവിന്ദ് (23), വിഷ്ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരാണ് പിടിയിലായത്. വിശദ ചോദ്യംചെയ്യലിന് ശേഷം ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം പ്ലസ് ടുവിന് പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് റാന്നി മന്ദിരംപടിയിലെ റബർതോട്ടത്തിൽ എത്തിച്ച് കാറിൽവെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ദീപു പെൺകുട്ടിയെ വിളിച്ചുവരുത്തിയാണ് കാറിൽ കൊണ്ടുപോയത്. പത്തനംതിട്ടയിലെ മറ്റ് രണ്ട് കേസുകളിലായി ഇനി മൂന്ന് പ്രതികൾകൂടി പിടിയിലാകാനുണ്ട്. ഈ കേസുകളിൽ കണ്ണൻ (21), അക്കു ആനന്ദ് (20) എന്നിവരും ഒരു കൗമാരക്കാരനും പിടിയിലായിട്ടുണ്ട്. പത്തനംതിട്ട സ്റ്റേഷനിൽ ഇന്നലെ പുതുതായി രജിസ്റ്റർ ചെയ്ത കേസിൽ ലിജോ(26) അറസ്റ്റിലായി.
പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ്ടു വിദ്യാർഥി എന്നിവരും അറസ്റ്റിലായവരിലുണ്ട്. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്പ്പെടെ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പോലീസ് കണ്ടെത്തി. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലയ്ക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കേസിൽ അന്വേഷണം വ്യാപിപ്പിച്ച് ശാസ്ത്രീയ തെളിവുകളടക്കം പൊലീസ് ശേഖരിച്ചുവരുകയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
കേസ് അന്വേഷിക്കാൻ 25 അംഗ സംഘത്തെ നിയോഗിച്ചു. പത്തനംതിട്ട പൊലീസ് ചീഫ് വി.ജി. വിനോദ്കുമാർ, ഡിവൈ.എസ്.പി എസ്. നന്ദകുമാർ, പത്തനംതിട്ട, ഇലവുംതിട്ട, റാന്നി, വനിത പൊലീസ് എസ്.എച്ച്.ഒമാർ എന്നിവർ ടീമംഗങ്ങളാണ്. ഡി.ഐ.ജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിലാകും അന്വേഷണം. അറസ്റ്റിലാകുന്നവർക്കെതിരെ ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നടപടികൾ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അറസ്റ്റ് ഭയന്ന് പ്രതികളിൽ പലരും ഒളിവിൽ പോയതും അന്വേഷണം വിപുലപ്പെടുത്താൻ കാരണമായി.
ശബരിമല മകരവിളക്ക് ഉത്സവത്തിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ തിരക്കിലാണ് ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ. മകരവിളക്ക് കഴിഞ്ഞാൽ അന്വേഷണം വേഗത്തിലാക്കും. പിടിയിലാകുന്നവർക്കെതിരെ ശാസ്ത്രീയ, സാഹചര്യത്തെളിവുകളും ഡിജിറ്റൽ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത്. അഞ്ചുവർഷമായി നടന്ന പീഡനമായതിനാൽ പ്രതികളും പെൺകുട്ടിയുമായി നടന്ന മൊബൈൽ ഫോൺ ചാറ്റിങ്ങിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ കമ്പനികളെ സമീപിക്കേണ്ടതുണ്ട്. രണ്ടുവർഷത്തിൽ കൂടുതലുള്ള ഡേറ്റകൾ ചില മൊബൈൽ കമ്പനികൾ സൂക്ഷിക്കാറില്ലാത്തത് വെല്ലുവിളിയായേക്കും. പീഡിപ്പിച്ച നാൽപതോളം പേരുടെ നമ്പറുകളാണ് പെൺകുട്ടി പിതാവിന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ ഡയറിയിലും നോട്ട്ബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. ഇതും അമ്മയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.