തിരുവനന്തപുരം: പൂര്‍ണമായും സ്ത്രീലിംഗത്തില്‍ തയാറാക്കിയ രാജ്യത്തെ ആദ്യ ബില്ലെന്ന പ്രത്യേകതക്ക് അർഹമായി നിയമസഭ ചൊവ്വാഴ്ച പാസാക്കിയ പൊതുജനാരോഗ്യബിൽ. രാജ്യത്ത് ഇതുവരെ പാസായ എല്ലാ നിയമങ്ങളും പുല്ലിംഗത്തിലാണ്.
ബില്ലിന്റെ ഭാഗമായി വ്യക്തിയെ പരാമർശിക്കേണ്ട സാഹചര്യങ്ങളിൽ ‘അവൻ’ (ഉടമസ്ഥൻ, ഉദ്യോഗസ്ഥൻ, രോഗമുക്തൻ) എന്ന വാക്കാണ് ബില്ലുകളിൽ സാധാരണ ഉപയോഗിച്ച് പോരുന്നത്. ‘അവനി’ൽ ‘അവളെ’ കൂടി ഉൾക്കൊള്ളുന്ന വിധത്തിലായിരുന്നു പ്രയോഗങ്ങൾ.
ഇതിന് പകരം അവളിൽ അവനെ കൂടി ഉൾപ്പെടുത്തി സ്ത്രീലിംഗ സ്വഭാവത്തിലാണ് പൊതുജനാരോഗ്യ ബിൽ തയാറാക്കിയത്. ഉടമസ്ഥ, ഉദ്യോഗസ്ഥ, രോഗമുക്ത എന്നിങ്ങനെയാണ് പരാമർശങ്ങൾ. സമാനരീതിയിൽ പാർലമെന്റിൽ ബില്ലിന്റെ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും പാസായിട്ടില്ല. അതോടെയാണ് കേരള നിയമസഭ ചരിത്രപരമായ സവിശേഷതക്ക് അർഹതനേടിയത്.
മൂന്നുതലങ്ങളിൽ ആരോഗ്യസമിതികൾ
തിരുവനന്തപുരം: പൊതുജനാരോഗ്യബിൽ നിലവിൽ വരുന്നതോടെ പ്രാദേശികതലത്തിലും ജില്ലതലത്തിലും സംസ്ഥാനതലത്തിലും പൊതുജനാരോഗ്യസമിതികൾ നിലവിൽവരും. ആവശ്യമുള്ള ഘട്ടങ്ങളിൽ ഇത്തരം സമിതികൾ രൂപവത്കരിക്കാമെന്നാണ് നിലവിലെ നിയമത്തിലുള്ളതെങ്കിൽ ഇനി ഇത് നിയമപരമായി നിർബന്ധമാകും.
പൊതുജനാരോഗ്യ അധികാരി എന്നത് മാറ്റി പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ എന്നാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ സമിതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ പബ്ലിക് ഹെല്‍ത്ത് ഓഫിസർ ആയിരിക്കും. ഈ സമിതികളിൽ ആയുഷ് വിഭാഗങ്ങളും ഉൾപ്പെടും. അതേസമയം മെംബർ സെക്രട്ടറി പബ്ലിക് ഹെൽത്ത് ഓഫിസറായിരിക്കും.
സംസ്ഥാന പൊതുജനാരോഗ്യ സമിതിയുടെ അധ്യക്ഷ ആരോഗ്യമന്ത്രിയും ഉപാധ്യക്ഷ ആരോഗ്യവകുപ്പ് സെക്രട്ടറിയും മെംബര്‍ സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടറുമാകും. ആരോഗ്യവകുപ്പ് ഡയക്ടര്‍ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ഓഫിസറുടെ ചുമതല വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.