നീലി കൊലുമ്പൻ

അഞ്ച് തലമുറകളുടെ 'അമ്മ പേറുച്ചി' നീലി ഓർമയായി

കട്ടപ്പന: ഇടുക്കി വന്യജീവി സങ്കേതത്തിൽ ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന മേമ്മാരി 'ഊരാളി' ആദിവാസി കുടിയിലെ പരേതനായ കൊലുമ്പന്‍റെ ഭാര്യ നീലി കൊലുമ്പൻ (107) ഓർമയായി. മക്കളും പേരക്കുട്ടികളും അവരുടെ മക്കളും അവരുടെ മക്കളുമായി നാൽപതോളം പേരുടെ മുത്തശ്ശിയാണ് നീലി. ഭർത്താവ് കൊലുമ്പൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. വാർധക്യസഹജമായ അവശതയെ തുടർന്നായിരുന്നു മരണം.

മേമ്മാരി ആദിവാസിക്കുടിയിലെ പുൽ കുടിലിലായിരുന്നു താമസവും ദിനചര്യകളും. ശീലിച്ചുപോന്ന പുൽ കുടിലുകളിലെയും ഏറുമാടങ്ങളിലെയും താമസമാണ് നീലിക്ക് പ്രിയം. ചുട്ട കാട്ടുകിഴങ്ങുകളും കാട്ടുതേനും കഴിച്ചായിരുന്നു ജീവിതം. പുകയില മുറുക്ക് ഒഴിവാകുന്ന നേരമില്ല. കാട്ടിലെ 'പച്ച പുകയില'യാണ് ഏറെ ഇഷ്ടം.

ഇടുക്കി വനത്തിൽ താമസിച്ചിരുന്ന ആദിവാസി ഊരാളി വിഭാഗത്തിൽപെട്ട നീലിയുടെ കുടുംബക്കാരെ 1967ൽ ഇടുക്കി ജലവൈദ്യുതി പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിച്ച് മേമ്മാരി വനമേഖലയിൽ പുനരധിവസിപ്പിക്കുകയായിരുന്നു. 80ഓളം കുടുംബങ്ങളാണ് അന്നുണ്ടായിരുന്നത്. മേമ്മാരി വനം വെട്ടിത്തെളിച്ച് ആളുകളെ കുടിയിരുത്താൻ നേതൃത്വം നൽകിയത് അന്ന് കുടിയിലെ കാണിയായിരുന്ന കണ്ടൻ കുമാരനായിരുന്നു. കണ്ടൻ കുമാരന്‍റെ ഏറ്റവും ഇളയ സഹോദരിയാണ് നീലി. 120മത്തെ വയസ്സിലാണ് കണ്ടൻ കുമാരൻ മരിക്കുന്നത്.

നീലികൊലുമ്പന് ഒരു പെണ്ണുൾപ്പെടെ നാല് മക്കളാണുള്ളത്. മൂത്ത രണ്ടുപേർ ഗോപി, കേശവൻ എന്നിവർ മരിച്ചു. ഒരുമകൻ രാമനും മകൾ രമണിയും ജീവിച്ചിരിപ്പുണ്ട്. കണ്ടൻകുമാരന്റെ നാലാമത്തെ മകൾ സരോജിനിയുടെ മകളുടെ മകനാണ് കുടിയിലെ ഇപ്പോഴത്തെ കാണി ഷാജി. കോവിഡ് ലോകമാകെ പിടിച്ചുകുലിക്കിയപ്പോഴും നീലിക്ക് കുലുക്കമില്ലായിരുന്നു. കുടിയിലെ ആളുകളിൽ ഭൂരിഭാഗവും കോവിഡ് വാക്സിൻ എടുത്തപ്പോഴും നീലി അതിന് തയാറായിരുന്നില്ല.

ഒടുവിൽ കുടിയിലെ കാണി ഷാജിയുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് നീലി വാക്സിനെടുത്തത്. ഉപ്പുതറയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുടിയിലെത്തിയാണ് നീലിക്ക് വാക്സിൻ നൽകിയത്.106 വയസ്സ് പിന്നിട്ടിട്ടും നീലി പരസഹായം കൂടാതെ നടക്കുകയും ദിനചര്യകൾ ചെയ്യുകയും ചെയ്യുമായിരുന്നു. കാട്ടിലെ പച്ചമരുന്നുകൾ എല്ലാം നീലിക്ക് വശമായിരുന്നു. മേമ്മാരി കുടിയിലെ 'പേറുച്ചി' യായിരുന്ന നീലിയുടെ വാക്കിന് ഒരുകാലത്ത് മറുവാക്കുണ്ടായിരുന്നില്ല. നീലിയുടെ കൈകളിലൂടെ പിറന്നുവീണവർ അനവധിയാണ്.

Tags:    
News Summary - passed away; The mother of five generations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.