ക്ലാസ് മുറിയിലെ വെടിവെപ്പ് ;വെടിയുണ്ട ശരീരത്തിൽനിന്ന് പുറത്തെടുക്കാനായില്ല,ഞരമ്പുകൾക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയം
തൃത്താല: പരുതൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പ് സംഭവത്തില്‍ വിദ്യാർഥിയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. അതേസമയം, വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി. മറ്റൊരു ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ഇവിടേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിക്ക് വേദന മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജീവന് ഭീഷണിയാകുന്ന ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കുട്ടി ബോധവാനാണെന്നും സംസാരിക്കുന്നുണ്ടെന്നും വേദന കുറക്കുന്നതിനുള്ള മരുന്നുകൾ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വെടിയുണ്ടയുടെ സഞ്ചാരപാതയിൽ ഞരമ്പുകൾക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ ഡോക്ടർമാർക്ക് സംശയമുണ്ട്. ഇത് വ്യക്തമാക്കുന്നതിനായി മുറിവിന്റെ സഞ്ചാരപാതയിലൂടെ വിശദമായ പരിശോധന നടത്താനാണ് തീരുമാനം. പരിക്കേറ്റ ഭാഗം തുറന്ന് പരിശോധിച്ച് ആന്തരികമായി മറ്റ് പരിക്കുകളുണ്ടോയെന്ന് വിലയിരുത്തുന്ന രീതിയിലുള്ള ചികിത്സയാണ് പുരോഗമിക്കുന്നത്. വെടിയുണ്ട പുറത്തെടുക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്. ഡോക്ടർമാരായ ഇർഷാദിന്റെയും നജീബിന്റെയും നേതൃത്വത്തിലാണ് ചികിത്സ.
വെടിയുണ്ട ശരീരത്തിനുള്ളിൽ ചെന്ന് പല കഷണങ്ങളായി ചിതറുകയും ഒന്നിലധികം ഭാഗങ്ങളിൽ പരിക്കുണ്ടാക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. ചെറിയ എയർഗണുകളിൽ നിന്നുള്ള പെല്ലറ്റുകളുടെ പരിക്കുകൾ ഇതിൽനിന്ന് വ്യത്യസ്തമായിരിക്കാമെന്നും സൂചിപ്പിച്ചു. എന്നാൽ ഈ സംഭവത്തിൽ ഉപയോഗിച്ച വെടിയുണ്ടയുടെ കൃത്യമായ സ്വഭാവവും ശരീരത്തിലുണ്ടാക്കിയ പരിക്കുകളും വിശദമായ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.