‘ഞാൻ ഈ നാട്ടുകാരനല്ല, മാവിലായിക്കാരൻ’; കോൺഗ്രസിലെ ഗ്രൂപ്പുപോരിൽ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉന്നയിച്ച രൂക്ഷവിമർശനങ്ങളോടും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളോടും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് അദ്ദേഹം തന്ത്രപരമായി തടിയൂരിയത്.
സംഘടനാപരമായ കാര്യങ്ങളിൽ താൻ മറുപടി പറയാനില്ലെന്നും അത്തരം വിഷയങ്ങൾ കെ.പി.സി.സി പ്രസിഡന്റിനോടാണ് ചോദിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാർട്ടിയിലെ ഗ്രൂപ്പുപോരിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ആവർത്തിച്ചതോടെ, മലയാളത്തിലെ പ്രശസ്തമായ ഹാസ്യപ്രയോഗം കടമെടുത്ത് ‘ഞാൻ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസരൂപേണയുള്ള മറുപടി.
അതേസമയം, തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഈ ആക്രമണങ്ങളെല്ലാം ഒരൊറ്റ കേന്ദ്രത്തിൽ നിന്നാണ് ആസൂത്രണം ചെയ്യപ്പെടുന്നത്. പ്രമുഖ മാധ്യമങ്ങളുടെ ലോഗോയും പേരും ദുരുപയോഗം ചെയ്ത് തനിക്കെതിരെ വ്യാജ പോസ്റ്ററുകളും പ്രചാരണങ്ങളും വ്യാപകമായി നടക്കുന്നുണ്ട്.
മാധ്യമങ്ങളുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ നിയമനടപടി സ്വീകരിക്കാൻ തയാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
എൽ.പി.എസ്.ടി സമരക്കാരുടെ നിർദേശം തള്ളി മുഖ്യമന്ത്രി
എൽ.പി.എസ്.ടി അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറക്കണമെന്ന സമരക്കാരുടെ ആവശ്യം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ സർക്കാർ എൽ.പി. സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞ് ഡിവിഷൻ ഫാൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അനുപാതം കുറച്ചാലും അധ്യാപകരുടെ എണ്ണം കൂടുന്ന സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ എൽ.പി.എസ്.ടി അധ്യാപക-വിദ്യാർഥി അനുപാതം 1:30 ആണ്. എന്നാൽ സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ 1:19 ആണ് അധ്യാപക-വിദ്യാർഥി അനുപാതം. പത്തനംതിട്ട, കോട്ടയം 1:11, ഇടുക്കി 1:12, കണ്ണൂരിൽ 1:14 എന്നിങ്ങനെയാണ് നിലവിൽ വിവിധ ജില്ലകളിൽ അധ്യാപക-വിദ്യാർഥി അനുപാതം. മലപ്പുറം ജില്ലയിൽ വരെ ഇത് 1:25 ആണ്. അതിനാൽ അനുപാതം 1:25 ആക്കിയാലും ഒരു കാരണവശാലും അധ്യാപകരുടെ എണ്ണം കൂട്ടാൻ കഴിയില്ല.
പി.എസ്.സി ഇല്ലാത്ത ഒഴിവ് റിപ്പോർട്ട് ചെയ്ത് ഇന്റർവ്യൂ നടത്തി പട്ടിക പ്രസിദ്ധീകരിക്കുകയാണ്. ഒരു ചട്ടം പോലെയാണ് പി.എസ്.സി പ്രവർത്തിക്കുന്നത്. ഇത് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇല്ലാത്ത ഒഴിവിൽ നിയമനം നടത്താൻ ഒരു സർക്കാരിനും പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമരക്കാർ മുന്നോട്ടുവെച്ച അഞ്ച് ആവശ്യങ്ങളിൽ നാലും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.