വാത്സല്യം തോന്നി കുട്ടികൾക്ക് മിഠായി നൽകാൻ ശ്രമിച്ചതാണെന്ന് കാറിലെ യാത്രക്കാർ; ഇടപ്പള്ളിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന പരാതി മാതാപിതാക്കൾ പിൻവലിച്ചു

കൊച്ചി: ഇടപ്പള്ളിയിൽ ഒമാൻ ദമ്പതികൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതി പിൻവലിച്ച് രക്ഷിതാക്കൾ. മകളുടെ പ്രായമുള്ള കുട്ടികൾക്ക് മിഠായി നൽകാൻ ശ്രമിച്ചതാണെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതല്ലെന്നും ദമ്പതികൾ വ്യക്തമാക്കിയതോടെയാണ് രക്ഷിതാക്കൾ പരാതി പിൻവലിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് 4.45ഓടെയാണ് സംഭവം. ആറും അഞ്ചും വയസുള്ള പെൺകുട്ടികൾ വീട്ടിനടുത്തുള്ള വീട്ടിലേക്ക് ട്യൂഷന് പോകുമ്പോൾ കാറിലെത്തിയവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. മിഠായി നൽകാൻ ശ്രമിച്ചപ്പോൾ വാങ്ങാതിരുന്ന കുട്ടികളെ കാറിനകത്തേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചുവെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.

കുട്ടികൾ ഇത് ട്യൂഷൻ സെന്ററിൽ പറഞ്ഞു. അവിടെ നിന്ന് കൗൺസിലറെ വിവരമറിയിക്കുകയായിരുന്നു. കൗൺസിലർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കുട്ടികളുടെ മൊഴിയെടുത്തു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. കുട്ടികളുടെ മൊഴിയനുസരിച്ച് കാറിൽ രണ്ടു പുരുഷൻമാരും ഒരു സ്ത്രീയുമാണുണ്ടായിരുന്നത്. ഇളയ കുട്ടി മിഠായി വാങ്ങി. എന്നാൽ മൂത്ത കുട്ടി വാങ്ങിയില്ല. പൊലീസ് പരിശോധനയിൽ കാറിൽ യാത്ര ചെയ്തവരെ മനസിലായി. ഇവർ സഞ്ചരിച്ചത് ടാക്സിയിലായിരുന്നു. തുടർന്ന് ഇവരെ എളമക്കര സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഒമാൻ സ്വദേശിയും ഭാര്യയും ആറുവയസുള്ള മകളുമായിരുന്നു കാറിലുണ്ടായിരുന്നത്. വാത്സല്യം തോന്നിയപ്പോൾ കുട്ടികൾക്ക് മിഠായി കൊടുത്തുവെന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം ബോധ്യമായ പൊലീസ് രക്ഷിതാക്കളോട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു.

കേരളം കാണാനാണ് ഒമാൻ കുടുംബം എത്തിയത്. ശനിയാഴ്ച വൈകീട്ട് തിരിച്ചുപോകാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ.

Tags:    
News Summary - Parents withdraw complaint alleging attempted kidnapping of children in Edappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.