പഞ്ചായത്തുകളുടെ പ്രവര്‍ത്തനവും വാര്‍ഷിക പദ്ധതിയും പ്രതിസന്ധിയില്‍

മലപ്പുറം: പുതിയ ഭരണസമിതികള്‍ അധികാരത്തിലത്തെി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കുറവ് മൂലം ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല. 2016-17 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴും മാര്‍ച്ച് 31നകം ഇവ നടപ്പാക്കാന്‍ കഴിയുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ജനന, മരണ, വിവാഹ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ വൈകുകയാണ്.

പത്ത് ജില്ലകളിലും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍(ഡി.ഡി.പി)മാരില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ മാത്രമേ ഇവരുടെ സേവനമുള്ളൂ. മലപ്പുറത്തെയാള്‍ക്ക് കോഴിക്കോടിന്‍െറ കൂടി ചുമതല നല്‍കിയിരിക്കുകയാണ്. ഡി.ഡി.പിയുടെ അഭാവത്തില്‍ അസി. ഡയറക്ടര്‍മാരാണ് ചുമതല വഹിക്കേണ്ടത്. എ.ഡി.പിമാരുള്ളത് നാല് ജില്ലകളില്‍ മാത്രം. ഡി.ഡി.പിയും എ.ഡി.പിയും ഇല്ലാത്ത പാലക്കാട്ട് ജില്ലാ തലത്തിലെ മുഴുവന്‍ ഉത്തരവാദിത്തവും സീനിയര്‍ സൂപ്രണ്ടിനാണ്. 941 പഞ്ചായത്തുകളില്‍ 262ലും സെക്രട്ടറിമാരില്ല. ഏറ്റവുമധികം പഞ്ചായത്തുകളുള്ള മലപ്പുറത്ത് 94ല്‍ 27 ഇടത്തും കസേര ഒഴിഞ്ഞുകിടക്കുന്നു. രണ്ട് വര്‍ഷമായി സെക്രട്ടറിയില്ലാത്ത പഞ്ചായത്തുകളുണ്ട്.

 പുതിയ നഗരസഭകളില്‍ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പലയിടത്തും സെക്രട്ടറിമാരില്ല. ജൂനിയര്‍ സൂപ്രണ്ടിനാണ് ചില നഗരസഭകളില്‍ സെക്രട്ടറിയുടെ ചുമതല. കുറേക്കാലമായി പി.എസ്.സി നിയമനം നടക്കാത്തതിനാല്‍ തദ്ദേശസ്ഥാപനങ്ങളിലെ ഒഴിവുകള്‍ ആയിരത്തോളം വരും. വിരമിക്കുന്നവര്‍ക്ക് പകരക്കാരത്തൊത്തതിനാല്‍ ഓരോ മാസവും എണ്ണം കൂടുകയാണ്. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കേണ്ട സമയമാണിത്. വോട്ടര്‍പട്ടിക, റേഷന്‍ കാര്‍ഡ് മുതലായവയുമായി ബന്ധപ്പെട്ട ഗ്രാമസഭകള്‍ നടക്കുമ്പോള്‍ ജീവനക്കാരില്ലാത്തത് വലിയ പ്രയാസമാകുന്നു.

സീനിയോറിറ്റിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസാണ് നിയമനങ്ങള്‍ക്ക് തടസ്സമാവുന്നത്. ഹൈകോടതിയുടെയും അഡ്മിനിസ്ട്രേഷന്‍ ട്രൈബ്യൂണലിന്‍െറയും വിധിക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പ്രത്യേക വിടുതല്‍ ഹരജി നല്‍കിയിരുന്നു.
ഇത് പിന്‍വലിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരമാവുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്.

 

Tags:    
News Summary - panchayath dept crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.