പാലക്കാട്: പാലക്കാട് കോച്ച് ഫാക്ടറിക്ക് കേന്ദ്ര സർക്കാറിെൻറ ചുവപ്പുകൊടി. പദ്ധതി പൂർണമായി ഉപേക്ഷിച്ചെന്ന് എം.ബി. രാജേഷ് എം.പിയെ റെയിൽവേ മന്ത്രി പിയുഷ് ഗോയലും സഹമന്ത്രി റാജെൻ ഗോഹെയ്നും കത്തിലൂടെ അറിയിച്ചു.
പദ്ധതി സംബന്ധിച്ച് എം.പി ഉന്നയിച്ച കത്തിന് മറുപടിയായാണ് റെയിൽവേ മന്ത്രി നയം വ്യക്തമാക്കിയത്. ഇതോടെ കേരളം കാത്തിരുന്ന കോച്ച് ഫാക്ടറി പദ്ധതി നടപ്പാകില്ലെന്ന് ഉറപ്പായി.
ഇപ്പോഴത്തെ സാഹചര്യത്തിൽ കോച്ചുകൾ നിർമിക്കാൻ നിലവിലെ കോച്ച് ഫാക്ടറികൾ മെച്ചപ്പെടുത്തിയാൽ മതിയെന്നും പുതിയത് തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കത്തിൽ കേന്ദ്ര മന്ത്രിമാർ വ്യക്തമാക്കി. നിലവിലെ കോച്ച് ഫാക്ടറികൾ മതിയാകാതെ വന്നാൽ അപ്പോൾ ഉചിതമായ തീരുമാനമെടുക്കുമെന്നും കത്തിൽ പറയുന്നു.
പൊതുമേഖലയിൽ കോച്ച് ഫാക്ടറി നിർമിക്കാൻ കഴിയില്ലെന്ന് റെയിൽവേ വ്യക്തമാക്കിയതിനെ തുടർന്ന് പദ്ധതിക്ക് സെയിലിെൻറ (സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ) പങ്കാളിത്തം എം.പി ഇടപെട്ട് ഉറപ്പാക്കിയിരുന്നു. പദ്ധതിയുമായി സഹകരിക്കാൻ ബെമലും സന്നദ്ധത പ്രകടിപ്പിച്ചു. കഴിഞ്ഞ ബജറ്റിൽ പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറിക്ക് ആയിരം രൂപ മാത്രം നീക്കിവെച്ചതോടെ പദ്ധതിയിൽ കേന്ദ്രത്തിന് താൽപര്യമില്ലെന്ന് ഉറപ്പായിരുന്നു.
ഒന്നാം യു.പി.എ സർക്കാറിെൻറ 2008-09 റെയില്‍വേ ബജറ്റിലാണ് പാലക്കാട് കോച്ച് ഫാക്ടറി അനുവദിച്ചത്. അന്ന് 600 കോടി രൂപയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ, പദ്ധതി അകാരണമായി നീട്ടിക്കൊണ്ടുപോയി. പാലക്കാടിനൊപ്പം പ്രഖ്യാപിച്ച റായ്ബറേലി കോച്ച് ഫാക്ടറി 2012ൽ പ്രവർത്തനം തുടങ്ങി.
2012ൽ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദി പദ്ധതിക്ക് തറക്കല്ലിട്ടു. പദ്ധതിക്കായി യുദ്ധകാലാടിസ്ഥാനത്തിൽ 439 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയിൽവേക്ക് നൽകി. പാലക്കാട്ടെ കോച്ച് ഫാക്ടറി ഒഴിവാക്കി ഹരിയാനയിൽ നിർമിക്കാൻ കേന്ദ്രം നീക്കം നടത്തുകയാണ്. കേന്ദ്ര സർക്കാറിെൻറ തീരുമാനത്തിൽ നിരാശയുണ്ടെന്ന് എം.ബി. രാജേഷ് എം.പി ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട് കോച്ച് ഫാക്ടറി ആരംഭിക്കാൻ ബെമലുമായി (ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്) ചേർന്ന് സംയുക്ത സംരംഭം എന്ന നിർദേശം മന്ത്രി പിയുഷ് ഗോയലിനെ നേരിട്ടും പാർലമെൻറിലും ഉന്നയിച്ചിരുന്നു. എന്നാൽ, കോച്ചുകൾ ഇപ്പോൾ ആവശ്യത്തിനുണ്ടെന്നും പുതുതായി നിർമിക്കേണ്ട ആവശ്യമില്ലെന്നുമുള്ളത് വിചിത്രവാദമാണ്. ആറുകൊല്ലം മുമ്പ് തറക്കല്ലിട്ട പാലക്കാട് പദ്ധതി ഉപേക്ഷിക്കുകയും ഹരിയാനയിൽ മറ്റൊന്ന് തുടങ്ങുകയും ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.