രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയിൽപങ്കെടുത്ത പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയിൽ പാലക്കാട് നഗരസഭാധ്യക്ഷ, വിവാദം; അനുകൂലിച്ചും പ്രതികൂലിച്ചും ബി.ജെ.പി നേതൃത്വം

പാലക്കാട്: ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കൊപ്പം പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ പൊതുപരിപാടിയിൽ പങ്കെടുത്തതിൽ ബി.ജെ.പിയിൽ പൊട്ടിത്തെറി. ബി.ജെ.പി സംസ്ഥാന, ജില്ലാ നേതൃത്വങ്ങളും യുവജന സംഘടനകളും രാഹുലിന്‍റെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുമെന്ന പ്രഖ്യാപനവുമായി രംഗത്തുള്ളപ്പോഴാണ് എം.എൽ.എക്കൊപ്പം ബി.ജെ.പി നേതാവായ നഗരസഭാധ്യക്ഷ റോഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.

സംഭവം വാർത്തയാവുകയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തതോടെ ബി.ജെ.പി ജില്ലാ നേതൃത്വം പരസ്യ പ്രതികരണവുമായി രംഗത്തെത്തി. പാർട്ടി നിലപാടിന് വിരുദ്ധമായ നടപടിയാണ് നഗരസഭാധ്യക്ഷയിൽ നിന്ന് ഉണ്ടായതെന്ന് ബി.ജെ.പി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടി.

രാഹുലിനൊപ്പം വേദി പങ്കിടുകയോ പൊതുപരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ഓരോ പ്രവർത്തകനിൽ നിന്നും പാർട്ടി പ്രതീക്ഷിക്കുന്നത്. നഗരസഭാധ്യക്ഷ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. അരുതാത്ത കാര്യമാണ് സംഭവിച്ചത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും പ്രശാന്ത് ശിവൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം, പ്രമീള ശശിധരനെ പിന്തുണക്കുന്ന നിലപാടാണ് ജില്ലയിലെ മുതിർന്ന നേതാവും നഗരസഭാംഗവുമായ എൻ. ശിവരാജൻ രംഗത്തെത്തി. നഗരസഭാധ്യക്ഷ എന്ന നിലയിലാണ് പ്രമീള ശശിധരൻ പരിപാടിയിൽ പങ്കെടുത്തതെന്നും രാഹുൽ വരുമെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ശിവരാജൻ വ്യക്തമാക്കി.

റോഡിൽ തടയുമെന്നും കാലുകുത്താൻ അനുവദിക്കില്ലെന്നും പറഞ്ഞ സി.പി.എം, നിയമസഭയിൽ 99 എം.എൽ.എമാരോടൊപ്പം രാഹുൽ ഇരുന്നപ്പോൾ ഒന്നും ചെയ്തില്ലല്ലോ എന്നും ശിവരാജൻ ചോദിച്ചു.

അതിനിടെ, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിന്‍റെ ഉദ്ഘാടനത്തിന് നഗരസഭാധ്യക്ഷ എന്ന നിലയിലാണ് പങ്കെടുത്തതെന്നും വിവാദങ്ങൾക്കില്ലെന്നും പ്രമീള ശശിധരൻ വിശദീകരിച്ചു.

ഞായറാഴ്ച ഉച്ചക്ക് ശേഷം നടക്കുന്ന ജില്ല കമ്മിറ്റി യോഗത്തിലും ഈ വിഷയം ചർച്ചയാകും. പാർട്ടി സംസ്ഥാന നേതൃത്വത്തിലും വിഷയം ചർച്ചയായിട്ടുണ്ട്. വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് വരും ദിവസം സംസ്ഥാന നേതൃത്വം വ്യക്തമാക്കുമെന്നാണ് വിവരം.

Tags:    
News Summary - Palakkad Municipal Chairman Prameela Sasidharan at a public event with Rahul Mamkootathil, controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.