പാലക്കാട് മെഡിക്കല്‍ കോളജ്: അനധികൃത നിയമനം സ്ഥിരപ്പെടുത്താന്‍ യു.ഡി.എഫ് നടത്തിയത് വഴിവിട്ട നീക്കം

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ 170 അനധികൃത നിയമനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത് ധനകാര്യവകുപ്പിന്‍െറ ശിപാര്‍ശ ചവറ്റുകൊട്ടയിലെറിഞ്ഞ്. ഉന്നതതല കമ്മിറ്റി റിപ്പോര്‍ട്ട് മറികടക്കാന്‍ മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ നടത്തിയ വഴിവിട്ട നീക്കവും ധൃതിപിടിച്ച് ഇറക്കിയ ഉത്തരവും നടപടിക്രമം കാറ്റില്‍പറത്തിയാണെന്ന് വിജിലന്‍സ് കണ്ടത്തെി.

മെഡിക്കല്‍ കോളജില്‍ സ്പെഷല്‍ ഓഫിസര്‍ നടത്തിയ അധ്യാപക, അധ്യാപകേതര നിയമനങ്ങളില്‍ ഗുരുതര ക്രമക്കേടുകളുണ്ടെന്നാണ് പട്ടികജാതി വികസന വകുപ്പിന്‍െറ ഇന്‍േറണല്‍ ഓഡിറ്റ് വിങ് റിപ്പോര്‍ട്ട്. ഇതിന്‍െറ വെളിച്ചത്തില്‍ നിയമനങ്ങള്‍ സംബന്ധിച്ച പരാതി പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ 2015 ഒക്ടോബര്‍ പത്തിന് ഗവേണിങ് കമ്മിറ്റി തീരുമാനിച്ചു.

ധനകാര്യ അഡീ. സെക്രട്ടറി ഷാജഹാന്‍ ഉള്‍പ്പെടെ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. സ്പെഷല്‍ ഓഫിസറുടെ നടപടികള്‍ സുതാര്യമല്ളെന്നും നിരുത്തരവാദപരമാണെന്നും ധനകാര്യ അഡീ. സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പി.എസ്.സി നിയമനമുണ്ടാവുന്നതുവരെ കരാര്‍ വ്യവസ്ഥയില്‍ നിലവിലുള്ളവര്‍ക്ക് തുടരാം. ഐ.എം.ജി വഴി നിയമിക്കപ്പെട്ടവരെ സ്ഥിരപ്പെടുത്താന്‍ നിയമതടസ്സമില്ല. പ്രോജക്ട് സ്റ്റാഫ് ഉള്‍പ്പെടെ മറ്റുള്ള നിയമനങ്ങളെല്ലാം അടിയന്തരമായി റദ്ദാക്കണമെന്നായിരുന്നു ശിപാര്‍ശ.

നിയമനങ്ങള്‍ക്കെതിരെ വിവിധ തലങ്ങളിലുള്ള സമിതികളുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ 2016 ഫെബ്രുവരി മൂന്നിന് ഉത്തരവിട്ടത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുന$പരിശോധിക്കാന്‍ വകുപ്പ് മന്ത്രി വീണ്ടും മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ആരോപണ വിധേയനായ സ്പെഷല്‍ ഓഫിസറും പട്ടികജാതിവികസന വകുപ്പിലെ കീഴുദ്യോഗസ്ഥരുമടങ്ങുന്ന കമ്മിറ്റി കണ്ണില്‍പൊടിയിടുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് വിജിലന്‍സ് കുറ്റപ്പെടുത്തുന്നു.

ഈ റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തിലാണ് 2016 ഫെബ്രുവരി 18ലെ മന്ത്രിസഭ യോഗം വിവാദ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തത്വത്തില്‍ തീരുമാനിച്ചത്. തസ്തിക സൃഷ്ടിക്കാതെയായിരുന്നു സ്ഥിരപ്പെടുത്താനുള്ള തീരുമാനം. ഇതുസംബന്ധിച്ച് ആ മാസം 29ന് ഇറക്കിയ വിവാദ ഉത്തരവിന്‍െറ സാധുതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

Tags:    
News Summary - PALAKKAD MEDICAL COLLEGE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.