തൃശൂർ: പാലക്കാട് ജയിലിൽ റിമാൻഡിൽ കഴിയവേ രോഗം മൂലം മരിച്ച നവാസിന് (67) കൃത്യസമയത് ത് ചികിത്സ ലഭിച്ചില്ലെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ വെളിപ് പെടുത്തൽ. രോഗം മൂർഛിച്ച് പാലക്കാട് ജയിലിൽ നിന്ന് ജില്ല ആശുപത്രിയിൽ എത്തിച്ച ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.
തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കടുത്ത ശ്വാസതടസവും ഹൃദയാഘാതവും മൂലമായിരുന്നു മരണമെന്ന് കണ്ടെത്തി. രോഗി അർബുദബാധിതൻ കൂടിയായിരുന്നു. ഹൃദയധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥകൾ പലപ്പോഴും ഉണ്ടായിരുന്നുവത്രെ. എന്നാൽ ഹൃദ്രോഗ വിദഗ്ധനെ ഒരിക്കൽ പോലും കണ്ടിട്ടുമില്ല.
രോഗിക്ക് കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ജീവൻ നിലനിർത്താൻ കഴിയുമായിരുന്നുവെന്ന് മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ ‘മാധ്യമ’ത്തിനോട് പറഞ്ഞു. പല ഘട്ടങ്ങളിലും നെഞ്ച് വേദനയും ശ്വാസതടസവും അനുഭവപ്പെട്ടുവെങ്കിലും ഡോക്ടറെ കാണിക്കാനോ ചികിത്സ തേടാനോ കഴിഞ്ഞിരുന്നില്ലത്രെ. പാലക്കാട് ജയിലിൽ ഡോക്ടറുടെ സേവനം ഇല്ലെന്നതാണ് അധികൃതരുടെ വിശദീകരണം.
വിയ്യൂർ, തിരുവനന്തപുരം, കണ്ണൂർ സെൻട്രൽ ജയിലുകൾ ഒഴിച്ച് സംസ്ഥാനത്തെ ഒരു ജില്ല ജയിലിലും ഡോക്ടറുടെ സേവനം ലഭിക്കാറില്ലെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു. ജില്ല ജയിലുകളിൽ ഡോക്ടർ, നഴ്സ്, നഴ്സിങ് അസി. എന്നിവരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. പാലക്കാട് ജയിലിേലത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഡോ. ഹിതേഷ് ശങ്കർ സൂചിപ്പിക്കുന്നത്.
പലപ്പോഴും ജയിലുകളിൽ സംഭവിക്കുന്ന മരണങ്ങൾ കൃത്യമായ ചികിത്സ ലഭിക്കാത്തത് തന്നെയാണ്. എന്നാൽ തടവുകാരെന്ന അവഗണന മൂലം മരണ കേസുകൾ എഴുതിതള്ളപ്പെടുകയാണ്. നേരത്തെ തന്നെ അസുഖം കണ്ടെത്തിയിട്ടും ചികിത്സ ലഭ്യമാക്കാൻ കഴിയാതിരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയായി ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.