നെല്ലുസംഭരണം; എവിടെ മുന്നൊരുക്കം?

പാലക്കാട്: സപ്ലൈകോ കർഷകരിൽനിന്ന്​ നെല്ല് സംഭരിക്കുന്നത് കിലോ 27.48 രൂപ നൽകിയാണ്. ഇതിൽ 18.68 രൂപ കേന്ദ്രസർക്കാർ രാജ്യത്തെ ഭക്ഷ്യവിളകൾക്ക് ഏ​ർപ്പെടുത്തിയ അടിസ്ഥാന താങ്ങുവിലയ‍ാണ്. 8.80 രൂപയാണ് സംസ്ഥാനസർക്കാർ നൽകുന്ന ഇൻസെൻറീവ് ബോണസ്.

കേന്ദ്രസർക്കാർ നിബന്ധനകൾ പാലിച്ചാൽ മാത്രമേ അടിസ്ഥാന താങ്ങുവില ലഭ്യമാകൂ. കേന്ദ്രസർക്കാറി​െൻറ കാർഷിക കലണ്ടർ പ്രകാരം ഒക്ടോബർ ഒന്നു മുതലാണ് രാജ്യത്ത് വിളവെടുപ്പ് തുടങ്ങുന്നത്. അതിനാൽ ഒക്ടോബർ മുതൽ സംഭരണം നടത്തിയാൽ മാത്രമേ കേന്ദ്രത്തി​െൻറ താങ്ങുവില നൽകാൻ കഴിയു.

എന്നാൽ, ഒന്നാം വിള കൊയ്ത്ത് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ ആഗസ്​റ്റ്​ അവസാന വാരത്തോടെ ആരംഭിക്കും. അതിനാൽ കാർഷിക കലണ്ടർ വ്യത്യാസം വരുത്തുകയോ കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കുകയോ വേണമെന്ന കർഷകരുടെ അഭ്യർഥന ഇതുവരെയും എങ്ങുമെത്തിയിട്ടില്ല.

രജിസ്ട്രേഷൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുമെന്ന്് സപ്ലൈകോ വ്യക്തമാക്കിയെങ്കിലും സംഭരണത്തെക്കുറിച്ച് ഇനിയും വ്യക്തത വരുത്തിയിട്ടില്ല.

ജീവനക്കാരെ നിയമിക്കുന്നതിലും വീഴ്ച

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്നത് പാലക്കാടാണ്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന നെല്ലി​െൻറ 46 ശതമാനവും ജില്ലയിലാണ്. താലൂക്കടിസ്ഥാനത്തിൽ പാഡി മാർക്കറ്റിങ്​ ഓഫിസർ ആവശ്യമാണെങ്കിലും ഒരു ഓഫിസർ മാത്രമാണ് ജില്ലയിലുള്ളത്.

തൃശൂർ പി.എം.ഒ.ക്ക് ആലത്തൂർ താലൂക്കിലെ അധിക ചുമതല നൽകാനാണ് സപ്ലൈകോ തീരുമാനം. മതി‍യായ ഫിൽഡ് ജീവനക്കാരെ അനുവദിക്കുന്നതിലും വീഴ്ച പതിവാണ്. കൃഷിഭവനിലെ കൃഷി അസിസ്​റ്റൻറുമാരെയാണ് സംഭരണകാലയളവിൽ ഡെപ്യൂട്ടേഷനിൽ സംഭരണ ജീവനക്കാരായി നിയമിക്കുന്നത്. ഇത് ജില്ലക്ക് മാത്രം അനുവദിച്ചിട്ടുള്ള പ്രത്യേകതയാണ്. മറ്റ് ജില്ലകളിൽ പാഡി മാർക്കറ്റിങ്​ ഓഫിസർ മാത്രമാണ് സംഭരണത്തിന് മേൽനോട്ടംവഹിക്കുന്നത്.

95 കൃഷിഭവനുകളുള്ള ജില്ലയിൽ 40 ജീവനക്കാ​െരയെങ്കിലും നിയമിച്ചാൽ മാത്രമാണ് സംഭരണം സുഗമമായി നടക്കുക. രണ്ടു പഞ്ചായത്തിലേക്ക് ഒരു ജീവക്കാരൻ എന്ന തോതിൽ വേണമെന്നാണ് പി.എം.ഒമാരുടെ നിർദേശം.

നെല്ലി​െൻറ ഗുണമേൻമയും ഈർപ്പത്തി​െൻറ അംശവും പരിശോധിക്കുന്നത് ഫീൽഡ് ജീവനക്കാരാണ്. പഞ്ചായത്തി​െൻറ എണ്ണം കൂടുംതോറും ഇവർക്ക് സമയബന്ധിതമായി പരിശോധന നടത്തി സംഭരണത്തിന് നിർദേശം കൊടുക്കാൻ കഴിയാറില്ല.

തമ്മിലുടക്കി സർക്കാറും മില്ലുടമകളും

സപ്ലൈകോക്കുവേണ്ടി കർഷകരിൽനിന്ന്​ താങ്ങുവിലയ്​ക്ക് നെല്ലുസംഭരിച്ച് അരിയാക്കി തിരികെ എത്തിക്കുന്നത് സംസ്ഥാനത്തെ വിവിധ സ്വകാര്യ മില്ലുകളാണ്. സംസ്ഥാനത്തെ 52ഓളം മില്ലുകളാണ് ഇവ വർഷങ്ങളായി ചെയ്യുന്നത്.

ഓരോ സീസണിലും സംഭരണസമയത്ത് സർക്കാറുമായി മില്ലുടമകൾ ഉടക്കുന്നത് പതിവാണ്. ഇതോടെ സപ്ലൈകോ സംഭരണം നീണ്ടുപോകും. മില്ലുടമകൾ ഏജൻറുമാരെ ഉപയോഗപ്പെടുത്തിയാണ് സംഭരണം നടത്തുന്നത്.എന്നാൽ, കൊയ്​ത്ത് കഴിഞ്ഞ്​ ആഴ്ചകൾ കഴിഞ്ഞിട്ടും സംഭരണം നടക്കാതെ നെല്ല് കെട്ടിക്കിടക്കുന്ന സാഹചര്യമാണ് എപ്പോഴും.

സമയബന്ധിതമായി സംഭരണം നടക്കാതെ വരുമ്പോൾ കർഷകർ മില്ലുടമകളുടെ ഏജൻറുമാർക്ക് വില താഴ്ത്തി നെല്ല് കൊടുക്കാൻ നിർബന്ധിതരാകുന്നത് പതിവാ‍ണ്. ഇത്തരത്തിൽ ഓപ്പൺ മാർക്കറ്റിൽനിന്ന്​ സംഭരിച്ച നെല്ല് ഏജൻറുമാർ ചില കർഷകരെ സ്വാധീനിച്ച് അവരുടെ പെർമിറ്റിലൂടെ സപ്ലൈകോക്ക്​ മറിച്ചുവിറ്റ് ലാഭം കൊയ്യുന്നതായും ആരോപണമുണ്ട്.

മില്ലുടമകളുമായി ഇതുവരെയും സപ്ലൈകോവിന് കരാറിൽ എത്താൻ കഴിഞ്ഞിട്ടില്ല. മില്ലുകൾ സംഭര‍ിക്കുന്ന നെല്ലി​െൻറ ഇൻഷുറൻസ് പ്രീമിയം ആര് വഹിക്കുമെന്ന തർക്കമാണ് കരാറിലെത്താനുള്ള പ്രധാന തടസ്സം.

സപ്ലൈകോ വഹിക്കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. ഇതിൽ തീരുമാനമായിട്ടില്ല. മില്ലുകളുമായി കരാറിൽ ഏർപ്പെട്ടാൽ മാത്രമേ അവർക്ക് നെല്ല് സംഭരിക്കുന്നതിനായി പാടശേഖരങ്ങൾ അനുവദിക്കാൻ കഴിയൂ.

എങ്ങനെ കൊയ്തെടുക്കും

കോവിഡ് കാലത്ത് ജില്ലയിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം വിളഞ്ഞ വയലുകൾ എങ്ങനെ കൊയ്തെടുക്കുമെന്നതാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല​ക്ക് മതിയായ തോതിൽ കൊയ്ത്തുയന്ത്രങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാറും വീഴ്​ചവരുത്തുകയാണ്​.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായി ജില്ലയിൽ പ്രവർത്തിക്കുന്ന കെയ്കോവിന് 16 കൊയ്ത്തുയന്ത്രങ്ങളും പവർ ടില്ലർ, ട്രാക്ടർ എന്നിവയുമുണ്ട്. എന്നാൽ, 16 കൊയ്ത്തുയന്ത്രവും കട്ടപ്പുറത്താണ്. കാലപ്പഴക്കമാണ് പ്രധാന കാരണം. 15 വർഷത്തിലേറെ പഴക്കമുള്ള ഇവ കാലോചിതമായി നവീകരിക്കുന്നതിലുള്ള വീഴ്ചയാണ് പ്രശ്​നമാകുന്നത്​. പുതിയ യന്ത്രങ്ങൾ അനുവദിക്കുന്നതിലും ജില്ലയെ അവഗണിക്കുന്നു.

പവർ ടില്ലർ, ട്രാക്ടർ എന്നിവ കുറഞ്ഞ നിരക്കിലാണ് വാടകക്​ നൽകുന്നത്. ഇവയക്കു പുറമെ കൃഷിവകുപ്പി​െൻറ വിവിധ സ്ഥാപനങ്ങൾ, പാടശേഖരസമിതികൾ എന്നിവയുടെ കൈവശമുള്ള യന്ത്രങ്ങളും കട്ടപ്പുറത്താണ്.

തൃശൂർ പൊന്നാനി കോൾനില വികസനത്തി​െൻറ ഭാഗമായി വാങ്ങിയ അമ്പതോളം കൊയ്​ത്തുയന്ത്രങ്ങൾ ജില്ലക്ക് താൽക്കാലികമായി ലഭ്യമാക്കുന്നത്​ സർക്കാറി​െൻറ പരിഗണനയിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.