പറവൂർ: അന്തരിച്ച സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ പി. രാജുവിന്‍റെ സംസ്കാര ചടങ്ങുകളിൽ സി.പി.ഐ ജില്ല നേതാക്കൾ പങ്കെടുക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. പാർട്ടിയിൽനിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് ഇവരുടെ പരാതി.
വെള്ളിയാഴ്ച രാവിലെ എട്ടിന് എറണാകുളത്തെ മോർച്ചറിയിൽനിന്ന് പറവൂരിലെത്തിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുനിസിപ്പൽ ടൗൺ ഹാളിലാണ് പൊതുദർശനത്തിന് വെക്കുന്നത്. എന്നാൽ, തൊട്ടടുത്ത സി.പി.ഐ താലൂക്ക് ആസ്ഥാനമായ എൻ. ശിവൻപിള്ള സ്മാരകത്തിൽ പൊതുദർശനവും പാർട്ടി പതാക പുതപ്പിക്കലും വേണ്ടെന്നാണ് പാർട്ടി നേതൃത്വത്തെ രാജുവിന്‍റെ കുടുംബം അറിയിച്ചിരിക്കുന്നത്.
ജില്ല നേതൃത്വത്തിലുള്ളവരെ അടുപ്പിക്കാൻ കഴിയില്ലെന്നും വേണമെങ്കിൽ താലൂക്ക് നേതാക്കളായ മൂന്നുപേർക്ക് പാർട്ടി പതാക ചാർത്താൻ അനുമതി നൽകാമെന്നുമാണ് ഇവരുടെ നിലപാട്.
ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയശേഷം സംസ്ഥാന- ജില്ല നേതൃത്വങ്ങൾ അദ്ദേഹത്തെ വേട്ടയാടി മാനസികമായി തളർത്തിയതാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമായി പറയുന്നത്. അതേസമയം, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം കുടുംബവുമായി ചർച്ച നടത്തുന്നുണ്ട്. രാജുവിനോട് ജില്ലാ നേതൃത്വം പുലർത്തിയ ശത്രുതാ മനോഭാവത്തിൽ പറവൂരിലെ പാർട്ടി പ്രവർത്തകരിൽ വലിയ അമർഷമുണ്ട്.
രാജുവിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കൺട്രോൾ കമീഷൻ കണ്ടെത്തിയിട്ടും അദ്ദേഹത്തിന് നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ചിലർ ബോധപൂർവം ഇല്ലാതാക്കിയെന്ന പരാതിയും കുടുംബത്തിനുണ്ട്. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ വ്യക്തിഹത്യ നടത്താനുള്ള ശ്രമം രാജുവിന് ആഘാതമായെന്ന് മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായിൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.