പരാജയപ്പെട്ട വിഷയം എഴുതിയെടുക്കാൻ നാല്​ അവസരം മാത്രം; കർണാടക യൂനിവേഴ്സിറ്റിയുടെ ഉത്തരവിൽ കുരുങ്ങി വിദ്യാർഥികൾ

കൽപ്പറ്റ: കർണാടകയിലെ രാജീവ് ഗാന്ധി യൂനിവേഴ്സിറ്റിയിൽ ബി.എ.എം.എസ് കോഴ്സിന് പഠിക്കുന്ന നൂറുകണക്കിന് മലയാളി വിദ്യാർഥികളുടെ ഭാവി തുലാസിൽ. 2017ൽ തുടങ്ങിയ ബാച്ചിലെ മെഡിക്കൽ വിദ്യാർഥികൾക്കാണ് തോറ്റ വിഷയങ്ങൾ വീണ്ടും എഴുതാൻ പരമാവധി നാല്​​ തവണ അവസരം നൽകിയാൽ മതിയെന്ന ഉത്തരവ് വിനയാകുന്നത്. യൂനിവേഴ്സിറ്റി ഇതുസംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നുവെങ്കിലും ഇതിന്​ കീഴിലുള്ള പല കോളജുകളും ഈ ഉത്തരവ് മൂടിവെക്കുകയായിരുന്നുവത്രെ.

325 വിദ്യാർഥികളാണ് കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുന്നത്. ഇതിൽ 90 ശതമാനത്തിലധികവും മലയാളികളാണ്. ഈ ബാച്ചിന് മുമ്പുള്ള കുട്ടികൾക്കെല്ലാം എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാമായിരുന്നു. നിരവധി തവണ പരീക്ഷയെഴുതുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് യൂനിവേഴ്സിറ്റി ഇത്തരം ഒരു തീരുമാനമെടുത്തത്.


എന്നാൽ, ഉത്തരവ് പ്രസിദ്ധപ്പെടുത്തിയാൽ കുട്ടികൾ ചേരില്ലെന്ന ഭയത്താൽ കോളജ് അധികൃതർ പ്രോസ്‌പെക്ട്​സിൽ ഇക്കാര്യം സൂചിപ്പിച്ചില്ല. കരിയർ അറിയിപ്പിലോ പ്രവേശന സമയത്തോ കുട്ടികളെ അറിയിച്ചതുമില്ല. ഉയർന്ന വർക്ക് ലോഡും കോഡിങ് അടക്കമുള്ള കടുത്ത മൂല്യനിർണയവും കാരണം നല്ലൊരു ശതമാനം വിദ്യാർത്ഥികൾക്കും പരീക്ഷ കടമ്പ കടക്കാൻ ഏറെ പ്രയാസമുണ്ട്.

നാല് വർഷത്തെ കോഴ്സിന് ശേഷം പരീക്ഷ പാസാകാൻ കഴിയാത്തതോടെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് വിദ്യാർഥികൾ. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്‍റെ തീരുമാനമായതിനാൽ തങ്ങൾക്കിതിൽ ഒന്നും ചെയ്യാനില്ലെന്ന്​ യൂനിവേഴ്സിറ്റി അധികൃതർ പറയുമ്പോൾ മെഡിക്കൽ ബിരുദം നേടണമെങ്കിൽ വീണ്ടും 20 ലക്ഷം നൽകി നാലു കൊല്ലം കൂടി പഠിച്ച്​ ജയിക്കട്ടെ നിന്ന നിലപാടിലാണ് കോളജ് അധികൃതർ. ഇതിനെതിരെ കർണാടക ഹൈകോടതിയിൽ വിവിധ ഹരജികളാണ് വിദ്യാർഥികൾ ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ ഒന്നാമത്തെ ഹരജിയിൽ ഹൈകോടതി തിങ്കളാഴ്ച വിധി പറയും.

Tags:    
News Summary - Only five chances to write failed topics; Students shrink by order of Karnataka University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.