ഒന്നും മറച്ചുവെക്കാനില്ല; ജനത്തിന് സർക്കാറിനെ വിലയിരുത്താം- മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ മുന്നിൽ സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്നും ജനത്തിന് സർക്കാറിനെ വിലയിരുത്താനും അഭിപ്രായ നിർദേശങ്ങൾ നൽകാനുമുള്ള അവസരമാണ് ഒന്നാം വാർഷികത്തിൽ സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷിക പരിപാടികളുടെ സമാപന പൊതുസമ്മേളനം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിന്‍റെ ഒരു വർഷത്തെ പുരോഗതി റിപ്പോർട്ട് (പ്രോഗ്രസ് റിപ്പോർട്ട്)സിനിമാ സംവിധായകൻ രഞ്ജിത്തിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

പ്രകടന പത്രികയിൽ അതിപ്രധാനമായ 35 കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഒരു വർഷം കൊണ്ട് അവയിൽ മിക്ക കാര്യങ്ങൾക്കും തുടക്കം കുറിക്കാനായെന്നും ചിലതിൽ നല്ല പുരോഗതി നേടാനായെന്നും വിലയിരുത്തുന്നവർക്ക് മനസ്സിലാകും. രാഷ്ട്രീയമായി അതിനിശിതമായി വിമർശിക്കുന്നവരും ഒരു വർഷം കൊണ്ട് സർക്കാർ പൊതുവെ കാര്യങ്ങൾ നിർവഹിച്ചിരിക്കുന്നു എന്ന് അഭിപ്രായം രേഖപ്പെടുത്തിയത് ശ്രദ്ധിക്കപ്പെട്ടു. മിക്ക മാധ്യമങ്ങളുടെയും പിന്തുണ ലഭിച്ചു. ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ ഇത് സർക്കാറിന് ഇത് കരുത്ത് പകരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകടന പത്രികയിൽ പറഞ്ഞ ഓരോ ഇനത്തിലും ഒരു വർഷം കൊണ്ട് എന്ത് ചെയ്തു എന്ന വിലയിരുത്തലാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായങ്ങളും വിലയിരുത്തലുകളും ജനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. അതുകൂടി പരിഗണിച്ചാണ് ഇനി സർക്കാറിന്‍റെ മുന്നോട്ടുള്ള പ്രവർത്തനം. 

അതിസമ്പന്നരുടെ താത്പര്യം സംരക്ഷിക്കുന്ന നടപടികളാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടാവുന്നത്. എന്നാൽ കേരള സർക്കാർ തൊഴിലാളികൾ, കർഷകർ, അവശത അനുഭവിക്കുന്നവർ, ആദിവാസികൾ, സ്ത്രീസമൂഹം, പട്ടികജാതിക്കാർ ഇവരുടെ പ്രശ്‌നങ്ങൾക്കാണ് മുൻഗണന നൽകുന്നത്. സമ്പൂർണ പാർപ്പിട പദ്ധതിയുടെ ഭാഗമായി അധസ്ഥിത വിഭാഗങ്ങൾക്ക് സുരക്ഷിതമായ വീട് നിർമിച്ചു നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തൊഴിലന്വേഷകരായ എല്ലാവർക്കും തൊഴിൽ നൽകാൻ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തകർന്നടിഞ്ഞ പരമ്പരാഗത വ്യവസായങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികൾ എടുത്തുകഴിഞ്ഞെന്നും പിണറായി വിജയൻ പറഞ്ഞു. ഈ വർഷം ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് നൽകിയ കൈത്തറി യൂനിഫോം അടുത്ത വർഷം മുതൽ യു.പി. വിദ്യാർഥികൾക്ക് കൂടി നൽകാൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രോഗസ് റിപ്പോർട്ട്


 

Tags:    
News Summary - one year celebration of Pinarayi Govt ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.