കാഞ്ഞങ്ങാട്: കാറിനുള്ളിൽ യുവതിക്കുനേരെ പീഡനശ്രമം. പീഡനം ചെറുത്ത യുവതി ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് പുറത്തേക്ക് ചാടി. ശനിയാഴ്ച വൈകീട്ട് പെരിയയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പെരിയ അടുക്കടുക്കം രാമചന്ദ്രൻ നായരെ (62) അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സ്വദേശിനിയായ 23കാരിയെയാണ് കാറിൽ പീഡിപ്പിക്കാൻ ശ്രമമുണ്ടായത്. കാസർകോട്ടെ മാർക്കറ്റിങ് കമ്പനിയിലെ സെയിൽസ് ഗേളാണ് യുവതി. വീടുകൾ കയറിയിറങ്ങിയുള്ള കച്ചവടത്തിനിടെ പെരിയയിലെ കേന്ദ്ര സർവകലാശാലക്കു സമീപമുള്ള കുടുംബശ്രീ ഹോട്ടലിൽനിന്ന് ചായ കുടിച്ചുകൊണ്ടിരുന്ന യുവതിയെ രാമചന്ദ്രൻ നായർ കാറിൽ കയറ്റുകയായിരുന്നു. കൂടുതൽ വീടുകളുള്ള ഭാഗത്തേക്ക് പോവുകയാണെന്നും അവിടെ ഇറക്കാമെന്ന് പറഞ്ഞുമായിരുന്നു കാറിൽ കയറ്റിയത്. പൂച്ചക്കാട് റോഡിലേക്ക് കാറിൽ സഞ്ചരിക്കുന്നതിനിടെ രാമചന്ദ്രൻ നായർ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഭയന്നുനിലവിളിച്ച യുവതി ഡോർ തുറന്ന് കാറിൽനിന്ന് പുറത്തേക്ക് ചാടി.
സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരും സെൻട്രൽ യൂനിവേഴ്‌സിറ്റി വിദ്യാർഥികളും വാഹനം തടഞ്ഞ് പൊലീസിൽ വിവരം അറിക്കുകയായിരുന്നു. യുവതിക്ക് കാര്യമായ പരിക്കില്ല. ഇൻസ്പെക്ടർ യു.പി. വിപിൻ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.