കോഴിക്കോട് : കൊല്ലം ജില്ലയിലെ ഒക്കുപേഷണൽ ഹെൽത്ത് റിസേർച്ച് സെൻറിൻ്റെ (ഒ.എച്ച്.ആർ.സി) പ്രവർത്തനത്തിന് ആവശ്യമായി വാങ്ങിയ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങളിൽ ഭൂരിഭാഗവും നാളിതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. 2014-15 കാലത്ത് വാങ്ങിയ വിലകൂടിയ ആധുനിക മെഡിക്കൽ ഉപകരണങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
ഒ.എച്ച്.ആർ.സിയുടെ പ്രവർത്തനത്തിനായി വാങ്ങിയിട്ടുള്ള ഭൂരിഭാഗം മെഡിക്കൽ ഉപകരണങ്ങളും നാളിതുവരെ പ്രവർത്തിപ്പിക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്തിട്ടില്ല. നാമമാത്രമായി മെഡിക്കൽ ഉപകരങ്ങൾ മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. 2014 സ്ഥാപിച്ച ഒ.എച്ച്.ആർ.സിയുടെ പ്രവർത്തനത്തിന് വാങ്ങിയ മെഷീനുകൾ പ്രവർത്തിപ്പിക്കാൻ നാളിതുവരെ ടെക്നീഷ്യന്മാരെ നിയമിച്ചിട്ടില്ല. മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്താൻ ആവശ്യമായ മെഡിക്കൽ ഓഫീസർ, നഴ്സ്, ടെക്നീഷ്യൻ തുടങ്ങിയവരില്ല.
അതിനാൽ 2014 -15 വാങ്ങിയ വില കൂടിയ മെഡിക്കൽ നിലവിൽ ഉപയോഗിച്ചുമായി നശിച്ചു. 14.10 ലക്ഷം രൂപ വില വരുന്ന എക്സ്റേ മെഷീൻ, 13.75 ലക്ഷം രൂപ വരുന്ന ഓഡിയോ മീറ്റർ തുടങ്ങിയ ഉപകരണങ്ങൾ നാളിതുവരെ പ്രവർത്തിപ്പിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഒട്ടുമിക്ക ഉപകരണങ്ങളും സമാന സ്ഥിതിയിലാണുള്ളത്. 2014-15 കാലയളവിൽ വാങ്ങിയിട്ടുള്ള ഉപകരണങ്ങൾ നിലവിൽ പ്രവർത്തനയോഗ്യമാണോ എന്ന കാര്യം സംശയമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
ഒ.എച്ച്.ആർ.സിയുടെ സുഗമമായ നടത്തിപ്പിനും അതിന്റെ പ്രവർത്തനലക്ഷ്യം കൈവരിക്കുന്നതിനും വേണ്ടിയുള്ള നടപടികൾ അടിയന്തരമായി ഭരണവകുപ്പ് സ്വീകരിക്കണം. ഒ.എച്ച്.ആർ.സിയിൽ നിലവിൽ ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ ആശുപത്രികളിലേക്ക് കൈമാറുന്നതിന് പരിശോധിക്കണം.
കേരളത്തിലെ ഫാക്ടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽപരമായ ആരോഗ്യസേവനങ്ങൾ നൽകുന്നതിനായി ഫാക്ടറീസ് ആൻഡ് ബോയിലേയ്സ് വകുപ്പിൽ ആരംഭിച്ചിട്ടുള്ള സ്ഥാപനമാണ് ഒക്കുപേഷണൽ ഹെൽത്ത് റിസേർച്ച് സെൻറർ (ഒ.എച്ച്.ആർ.സി). സംസ്ഥാനത്തെ വിവിധ ഫാക്ടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സംബന്ധമായ അസുഖങ്ങൾ തിരിച്ചറിഞ്ഞ് അവ അപകടപരമായ നിയന്ത്രിക്കുക, പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കായി മുൻകൂർ മെഡിക്കൽ ചെക്കപ്പ് നൽകി അവരെ ജോലിക്ക് അനുയോജ്യരാക്കുക, തൊഴിലധിഷ്ഠിത രോഗങ്ങളുടെ നേരത്തെയുള്ള രോഗനിർണയം നടത്തി നിയന്ത്രണ നടപടികൾ ഉപദേശിക്കുക, സമയബന്ധിതമായി ഒക്കുപേഷണൽ ഹെൽത്ത് സർവേകൾ നടത്തുക തുടങ്ങിയവയാണ് ഒ.എച്ച്.ആർ.സിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ധനകാര്യ പരിശോധന വിഭാഗം പരിശോധിക്കുകയും ഒ.എച്ച്.ആർ.സിയിൽ നടത്തിയ ഭൗതിക പരിശോധനയിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ലാബ് കൺസ്യൂമബിൾസ് കണ്ടെത്തി. ലാബ് കൺസ്യൂമബിൾസ് (Lab Consumables) ൻ്റെ എക്സ്പയറി ഡേറ്റ് കഴിയുന്നതിനു മുൻപേ അവ പ്രയോജനപ്പെടുത്തുന്നതിനുള്ള യാതൊരുവിധ നടപടിയും ജോയിന്റ് ഡയറക്ടർ (മെഡിക്കൽ) സ്വീകരിക്കാതിരുന്ന സാഹചര്യത്തിൽ ഈ ലാബ് കൺസ്യൂമബിൾസിന്റെ വിലയായ 43,599 രൂപ ഒ.എച്ച്.ആർ.സിയുടെ പ്രവർത്തന ചുമതലയുള്ള ജോയിൻറ് ഡയറക്ടറിൽ (മെഡിക്കൽ) നിന്നും ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ധനകാര്യ പരിശോധന വിഭാഗം ഒക്കുപേഷണൽ ഹെൽത്ത് റിസേർച്ച് സെൻററിൽ നടത്തിയ ഭൗതിക പരിശോധനയിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ ഒ.എച്ച്.ആർ.സി കോമ്പൗണ്ടിൽ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഒ.എച്ച്.ആർ.സിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മെഡിക്കൽ ക്യാമ്പുകളിൽ വിതരണം ചെയ്യാനുള്ള മരുന്നുകളിൽ അധികം വന്നതാണ് കൂട്ടിയിട്ടിരിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ ഒ.എച്ച്.ആർ.സിക്ക് തൊഴിൽജന്യ രോഗനിർണ്ണയ സർവേകൾ നടത്തുന്നതിനായി അനുവദിച്ച തുകയിൽ നിന്നും മരുന്ന് വാങ്ങാൻ ഉപയോഗിച്ച തുക കണക്കാക്കി ജോയിൻറ് ഡയറക്ടറുടെ (മെഡിക്കൽ) ബാധ്യതയായി നിർണയിച്ചു നൽകണം.
അധികമായി വാങ്ങിയ മരുന്നുകൾ സർക്കാർ ആശുപത്രികളിലേക്ക് നൽകുന്നതിനോ മരുന്നുകൾ ഉപയോഗപ്പെടുത്തുന്നതിനായുള്ള മറ്റേതെങ്കിലും നടപടികൾ സ്വീകരിക്കാതിരുന്ന ഒ.എച്ച്.ആർ.സി ജോയിൻ്റ് ഡയറക്ടർ (മെഡിക്കൽ) ക്കെതിരെ ഉചിതമായ വകുപ്പുതല നടപടികൾ സ്വീകരിക്കണം.
ഒ.എച്ച്.ആർ.സിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ‌് വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും ഫലപ്രദമായ ഇടപെടലുകൾ നടക്കുന്നില്ല. ഒ.എച്ച്.ആർ.സിയുടെ പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ മോണിറ്റർ ചെയ്യുന്നതിനും തൊഴിൽജന്യ രോഗനിർണയ സർവേകൾ നടത്തുന്നതിനായി ഒ.എച്ച്.ആർ.സി അനുവദിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച് പരിശോധിക്കുന്നതിനും ഭരണവകുപ്പ് നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.
തൊഴിൽജന്യ രോഗങ്ങൾ കണ്ടെത്തുന്നതിനും തൊഴിലാളികൾക്ക് തൊഴിൽപരമായ ആരോഗ്യസേവനങ്ങൾ നൽകുന്നതിനുമായി 2014 ഒക്ടോബറിലാണ് കൊല്ലത്ത് സ്ഥാപിച്ചത്. ഫാക്ടറീസ് ആൻഡ് ബോയിലേയ്‌സ് വകുപ്പ് ഡയറക്ടറുടെ 2015ലെ ഉത്തരവ് പ്രകാരം ഒ.എച്ച്.ആർ.സിയുടെ പ്രവർത്തന ചുമതല ജോയിൻറ് ഡയറക്ടർ (മെഡിക്കൽ)ക്ക് നൽകി. ഒക്കുപേഷണൽ റിസേർച്ച് സെന്ററിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ഒ.എച്ച്.ആർ.സിയുടെ നിയന്ത്രണാധികാരിയായ ജോയിൻറ് ഡയറക്ടർ (മെഡിക്കൽ) പ്രൊപ്പോസൽ സമർപ്പിക്കുകയും സർക്കാരിൽ നിന്ന് ഭരണാനുമതി ലഭിച്ച ശേഷമാണ് വിവിധ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.