കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നു. ഐ.സി.യുവും വെൻറിലേറ്ററും ആവശ്യമായിവരുന്നവരുടെ എണ്ണമാണ് 10 ദിവസംകൊണ്ട് ഇരട്ടിയായി കുതിച്ചത്. മേയ് ഒന്നിന് 650 പേർക്കു മാത്രമായിരുന്നു സംസ്ഥാനത്ത് വെൻറിലേറ്റർ സംവിധാനം ആവശ്യമുണ്ടായിരുന്നത്. മേയ് 10ന് വെൻറിലേറ്ററിലുള്ള രോഗികളുടെ എണ്ണം 1340 ആയി. ഐ.സി.യുവിൽ 1808 പേരുണ്ടായിരുന്നത് 10 ദിവസം പിന്നിട്ടപ്പോൾ 2641 ആയും ഉയർന്നു. മേയ് ഒന്നിനും 10നുമിടയിൽ ശരാശരി ദിനം 36,000 പുതിയ പോസിറ്റിവ് കേസുകളുണ്ടായി. മേയ് മൂന്നിന് 26,011 പ്രതിദിന രോഗികളുണ്ടായിരുന്നു. ആറിന് 42,464ലേക്ക് വർധിച്ചിരുന്നു.
നേരത്തേ, 7047 ഐ.സി.യുവും 1905 വെൻറിലേറ്ററും മാത്രമാണുണ്ടായിരുന്നത്. നിലവിൽ സംവിധാനങ്ങൾ കൂട്ടിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 3776 വെൻറിലേറ്ററും 9735 ഐ.സി.യുവും സജ്ജമാണ്. എന്നാൽ, ഇവയെല്ലാം മുഴുവനായി ഉപയോഗിക്കാനാവില്ല. സർക്കാർ ആശുപത്രികളിൽ പുതുതായി എത്തിച്ച വെൻറിലേറ്റർ ഉപയോഗപ്പെടുത്താൻ കഴിയുന്ന ടെക്നീഷ്യന്മാരുടെ അഭാവമുണ്ട്. സ്വകാര്യ ആശുപത്രികളിൽ നവജാത ശിശുക്കളുടെയും ഹൃദ്രോഗ വിഭാഗത്തിലെയും വെൻറിലേറ്ററുകൾ കോവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്താനാകില്ല.
മേയ് ഒന്നു മുതലുള്ള 10 ദിവസം സംസ്ഥാനത്ത് മരണനിരക്കും കുതിക്കുകയാണ്. ആകെയുള്ള കോവിഡ് മരണത്തിെൻറ 10 ശതമാനവും ഈ കാലയളവിലാണ്. തിരുവനന്തപുരം ജില്ലയിൽ 10 ദിവസംകൊണ്ട് 128 പേരാണ് മരിച്ചത്. തൃശൂരിൽ 104ഉം കോഴിക്കോട് 71ഉം കണ്ണൂരിൽ 63 പേർക്കും കോവിഡിൽ ജീവൻ നഷ്ടമായി. മരിക്കുന്നവരിൽ 75 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.