ചാലക്കുടി: ശമ്പളം കിട്ടാത്തതിനാൽ തൂമ്പപ്പണിക്ക് പോകാൻ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ നൽകിയ അപേക്ഷ വൈറലാകുന്നു. ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഗ്രേഡ്-1 ഡ്രൈവറാണ് ചുരുങ്ങിയ വാക്കുകളിൽ ജീവിതദുരിതം വരച്ചുകാട്ടുന്ന അവധി അപേക്ഷ നൽകിയത്.
‘സർ, സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരാൻ വണ്ടിയിൽ പെട്രോളില്ല. പെട്രോൾ നിറക്കാൻ കൈയിൽ പണവുമില്ല. ആയതിനാൽ വട്ടച്ചെലവിനുള്ള പണത്തിനായി ഈ വരുന്ന 13, 14, 15 തീയതികളിൽ തൂമ്പപ്പണിക്ക് പോകുകയാണ്. അതിന് വേണ്ടി മേൽപറഞ്ഞ ദിവസങ്ങളിൽ അവധി അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുന്നു’ -എന്നാണ് അപേക്ഷയിലുള്ളത്.
11നാണ് അപേക്ഷ അയച്ചത്. 13 മുതൽ മൂന്ന് ദിവസത്തെ തീയതിക്കൊപ്പം ബുധൻ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളാണ് കാണിച്ചിട്ടുള്ളത്. 13 വ്യാഴമാണ്. ഈ ജീവനക്കാരൻ ബുധനാഴ്ച ഡ്യൂട്ടിക്ക് ഹാജരായിട്ടുണ്ട്. വാട്സ്ആപ് വഴിയാണ് മേലുദ്യോഗസ്ഥന് അപേക്ഷ അയച്ചത്. അപേക്ഷ ചോർന്നതോടെ വൈറലാവുകയും വിവാദത്തിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വാട്സ്ആപ് വഴിയുള്ള അപേക്ഷ അംഗീകരിക്കാൻ കഴിയാത്തതിനാൽ അവധി അനുവദിച്ചിട്ടില്ലെന്ന് ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.