നിലമ്പൂരി​ലെ യു.ഡി.എഫ്​ സ്​ഥാനാർഥി വി.വി. പ്രകാശ്​ അന്തരിച്ചു

മലപ്പുറം: നിലമ്പൂരി​ലെ യു.ഡി.എഫ്​ സ്​ഥാനാർഥിയും മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമായ വി.വി. പ്രകാശ്​ (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം വരാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെയാണ്​ മരണം.

പുലർച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടില്‍ നിന്ന് എടക്കരയിലെ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പ്രകാശിനെ മ​ഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും മാസം മുമ്പ് ആഞ്ചിയോ പ്ലാസ്റ്റിക്ക്​ വിധേയനായിരുന്നു.

1965ൽ എടക്കരയിൽ കര്‍ഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻ നായരുടെയും വി.ജി. സരോജിനിയമ്മയുടെയും മകനായാണ് വിലിയവീട്ടിൽ പ്രകാശ് എന്ന വി.വി. പ്രകാശിന്‍റെ ജനനം. എടക്കര ഗവ. ഹൈസ്കൂൾ, ചുങ്കത്തറ എം.പി.എം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മമ്പാട് എം.ഇ.എസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും മഞ്ചേരി എൻ.എസ്.എസ് കോളജിൽ നിന്ന് ഡിഗ്രിയും കോഴിക്കോട് ഗവ. ലോ കോളജിൽ നിന്ന് നിയമ പഠനവും പൂർത്തിയാക്കി.

വി.വി. പ്രകാശിന്‍റെ മൃതദേഹം മലപ്പുറം ഡി.സി.സി. ഓഫീസിൽ നിന്നും വീട്ടിലേക്കു കൊണ്ടു പോകുന്നു (ചിത്രം: മുസ്തഫ അബൂബക്കർ)

സ്‌കൂള്‍ പഠനകാലത്ത് തന്നെ കെ.എസ്.യു പ്രവര്‍ത്തനത്തിൽ സജീവമായ പ്രകാശ്, ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2000 മുതൽ കെ.പി.സി.സി സെക്രട്ടറിയാണ്.

മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആദരാഞ്ജലി അർപ്പിക്കുന്നു

കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, സെൻസർ ബോർഡ് അംഗം, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം എന്നി നിലകളിലും പ്രവർത്തിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് അംഗവും എടക്കര ഈസ്റ്റ് ഏറനാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറും ആയിട്ടുണ്ട്. 2011ൽ തവനൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സ്മിതയാണ് ഭാര്യ. നന്ദന, നിള എന്നിവർ മക്കൾ.

മൃതദേഹം രാവിലെ ആറര മുതൽ 7.30 വരെ മലപ്പുറം ഡി.സി.സി ഓഫീസിലും 9.30 മുതൽ 12.30 വരെ എടക്കര ബസ്റ്റാൻഡിലും പൊതുദർശനം. വൈകിട്ട് മൂന്നു മണിക്ക് എടക്കരയിലെ പാലുണ്ട ശ്മശാനത്തിൽ​ സംസ്​കാരം നടക്കും.

Tags:    
News Summary - Nilambur UDF candidate VV Prakash passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.