കോട്ടയം ജില്ല പഞ്ചായത്തിൽ പുതിയ നേതൃത്വം; കെ.വി. ബിന്ദു പ്രസിഡന്‍റാകും

കോട്ടയം: പുതുവർഷത്തിൽ ജില്ല പഞ്ചായത്തിൽ പുതിയ നേതൃത്വം. എൽ.ഡി.എഫിലെ ധാരണയനുസരിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കേരള കോൺഗ്രസ് എമ്മിലെ നിർമല ജിമ്മി ഈമാസം 30ന് രാജിവെക്കും.അടുത്ത രണ്ടുവർഷം സി.പി.എമ്മിനാണ് പ്രസിഡന്‍റ് സ്ഥാനം. കുമരകം ഡിവിഷൻ അംഗം കെ.വി. ബിന്ദുവിനെ പ്രസിഡന്‍റാക്കാനാണ് സി.പി.എം തീരുമാനം. വൈസ് പ്രസിഡന്‍റ് സ്ഥാനത്തിലും മാറ്റമുണ്ടാകും.

നിലവിലെ വൈസ് പ്രസിഡന്‍റ് സി.പി.എമ്മിലെ ടി.എസ്. ശരത് രാജിവെക്കും. പകരം എരുമേലി ഡിവിഷൻ അംഗം ശുഭേഷ് സുധാകരൻ സി.പി.ഐ പ്രതിനിധിയായി വൈസ് പ്രസിഡന്‍റ് സ്ഥാനത്തെത്തും. അടുത്ത ഒരുവർഷം വൈസ് പ്രസിഡന്‍റ് സ്ഥാനം സി.പി.ഐക്കാണ്.

എൽ.ഡി.എഫിലെ ധാരണയനുസരിച്ച് അവസാനത്തെ ഒരുവർഷം പ്രസിഡന്‍റ് സ്ഥാനവും സി.പി.ഐക്ക് ലഭിക്കും. അവസാന രണ്ടുവർഷം വൈസ് പ്രസിഡന്‍റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിനാണ്. 22 അംഗ ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫിന് 14 അംഗങ്ങളാണുള്ളത്.

സി.പി.എം- ആറ്, കേരള കോൺഗ്രസ്എം- അഞ്ച്, സി.പി.ഐ-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിന് ഏഴ് അംഗങ്ങളും ജനപക്ഷത്തിന് ഒരംഗവുമുണ്ട്.കേരള കോൺഗ്രസിനേക്കാൾ അംഗങ്ങൾ സി.പി.എമ്മിനുണ്ടായിട്ടും ആദ്യ ടേം കേരള കോൺഗ്രസിന് നൽകാൻ ഇടതുമുന്നണി സംസ്ഥാനതലത്തിൽ തീരുമാനിക്കുകയായിരുന്നു.

കേരള കോൺഗ്രസിന് ലഭിച്ച ഏക ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനമായിരുന്നു കോട്ടയത്തേത്. കോട്ടയം ജില്ല പഞ്ചായത്തിലെ അധികാരമാറ്റ തർക്കങ്ങളായിരുന്നു യു.ഡി.എഫിൽനിന്ന് കേരള കോൺഗ്രസ് എം പുറത്തേക്ക് പോകാൻ ഇടയാക്കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരമാറ്റം

ജില്ലയിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അധികാരമാറ്റം നടക്കും. ഏറെ ചർച്ചയായ പാലാ നഗരസഭയിലും 'തലമാറ്റമുണ്ടാകും'. നിലവിലെ പാലാ നഗരസഭ ചെയർമാൻ കേരള കോൺഗ്രസ് എമ്മിലെ ആന്‍റോ ജോസ് പടിഞ്ഞാറേക്കര ഈമാസം 28ന് സ്ഥാനമൊഴിയും.

അടുത്ത ഒരുവർഷം സി.പി.എമ്മിനാണ് ചെയർമാൻ സ്ഥാനം. പുതിയ ചെയർമാൻ ആരെന്ന കാര്യത്തിൽ സി.പി.എമ്മിൽ ചർച്ചകൾ നടന്നുവരുകയാണ്. ബിനു പുളിക്കങ്കണ്ടത്തിലിനാണ് സാധ്യത. എന്നാൽ, ബിനു ചെയർമാനാകുന്നതിനോട് കേരള കോൺഗ്രസ് നേതൃത്വത്തിന് താൽപര്യമില്ല. പാലായിൽ ജോസ് കെ. മാണിയെ തോൽപിക്കാൻ ബിനു ശ്രമിച്ചതായി നേരത്തേ കേരള കോൺഗ്രസ് എം നേതൃത്വം ആരോപിച്ചിരുന്നു.

ഇതിനിടെ, കേരള കോൺഗ്രസ് എം സ്ഥാനം ഒഴിഞ്ഞ് നൽകാൻ തയാറല്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അവസാന ഒരുവർഷം ചെയർമാൻ സ്ഥാനം നൽകാമെന്ന തരത്തിൽ കേരള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയാണ് ചൂടുള്ള ചർച്ചകൾക്ക് വഴിവെച്ചത്.കരാർ ലംഘനം അനുവദിക്കാനാവില്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വവും നിലപാട് എടുത്തിരുന്നു. ഇത് ഇരുപാർട്ടികളും തമ്മിലുള്ള പ്രാദേശിക തർക്കമായതോടെ ജില്ല നേതൃത്വം ഇടപെട്ട് 'തണുപ്പിക്കുകയായിരുന്നു'.

സി.പി.എമ്മിന് ചെയർമാൻ സ്ഥാനം നൽകുമ്പോൾ വൈസ് ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിലെ വനിത അംഗമാകും. യു.ഡി.എഫ് ഭരിക്കുന്ന ചങ്ങനാശ്ശേരി നഗരസഭയിലും ചെയർപേഴ്സൻ മാറും. സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ യു.ഡി.എഫാണ് ഇവിടെ ഭരിക്കുന്നത്. സ്വതന്ത്ര സന്ധ്യ മനോജാണ് ചെയർപേഴ്സൻ. ഇവർ ഡി.ഡി.സി നേതൃത്വത്തിന് രാജി നൽകിക്കഴിഞ്ഞു. അടുത്ത ഊഴം സ്വതന്ത്ര അംഗമായ ബീന ജോബിക്കാണ്.

ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലും നിരവധി പഞ്ചായത്തുകളിലും പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിൽ അധികാക്കൈമാറ്റം നടക്കും. കൃത്യമായ രേഖകൾ ഉള്ളതിനാൽ ഒരിടത്തും അധികാരക്കൈമാറ്റം പ്രശ്നം സൃഷ്ടിക്കില്ലെന്നാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്. എന്നാൽ, അധികാരമാറ്റം പ്രശ്നങ്ങൾക്ക് ഇടയാക്കുമോയെന്ന ആശങ്ക യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ട്.

Tags:    
News Summary - New Leadership in Kottayam District Panchayath; KV Bindhu will be the President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.