ചിത്രം: PTI
പാലക്കാട്: സംസ്ഥാന സർക്കാറിന്‍റെ പുതിയ കോവിഡ് മാനദണ്ഡ പ്രകാരം പാലക്കാട് ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ഡൗൺ. പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം ( WIPR) 10 ൽ കൂടുതലായ അലനല്ലൂർ, ആലത്തൂർ ഗ്രാമപഞ്ചായത്തുകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കിയത്.
സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ആളുകൾക്ക് ഭക്ഷണം, ഭക്ഷണസാധനങ്ങൾ എന്നിവ എത്തിച്ചു നൽകുന്നതിന് ആർ.ആർ.ടി, വളണ്ടിയർമാർ എന്നിവരുടെ സേവനം ഗ്രാമ പഞ്ചായത്തുകൾ ഉറപ്പാക്കണം. ഇവിടെ അവശ്യ സേവനങ്ങൾക്കും ആശുപത്രി യാത്രകൾക്കും അല്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ െപാലീസ് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രം തുറക്കാം. പ്രദേശത്ത് ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച ഈ രണ്ട് പഞ്ചായത്തുകളും ഡി കാറ്റഗറിയിലായിരുന്നു.
ഇതിന് പുറമേ ജില്ലയിൽ രോഗബാധ കൂടുതലുള്ള വാർഡുകളെ മൈക്രോ കണ്ടൈൻമെന്‍റ് സോണുകളാക്കിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കോവിഡ് പോസിറ്റീവാകുന്നവർ നിർബന്ധമായും ഡി.സി.സി അല്ലെങ്കിൽ സി.എഫ്.എൽ.ടി.സികളിലേക്ക് മാറണം. ഇവിടെ ഹോം ഡെലിവറിക്കായി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും ഹോട്ടലുകളും തുറക്കാം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും കലക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.