71ാമത് നെഹ്റു ട്രോഫി ജലമേളക്ക് മുന്നോടിയായി പുന്നമടയിലെ ഫിനിഷിങ് ലൈനിനോട്
ചേർന്ന ജവഹർലാൽ നെഹ്റുവിന്റെ പ്രതിമ പെയിന്റ് ചെയ്ത് മനോഹരമാക്കുന്നു മനു ബാബു
ആലപ്പുഴ: ഒരു ജനതയുടെ വികാരമായ നെഹ്റു ട്രോഫി വള്ളംകളി പ്രഫഷനലിസത്തേക്ക് വഴിമാറിയെങ്കിലും ‘സംഘാടനം’ പഴഞ്ചൻ രീതിയിൽ തന്നെ. പുന്നമട കായൽക്കരയിലേക്ക് ഒഴുകിയെത്തുന്ന ജനസാഗരത്തിന് വള്ളംകളി കാണാൻ ആവശ്യമായ ‘ഇരിപ്പിടം’ കിട്ടാറില്ലെന്നതാണ് യാഥാർഥ്യം. സ്റ്റാർട്ടിങ്-ഫിനിഷിങ് സംവിധാനങ്ങൾ പുത്തൻ സാങ്കേതികവിദ്യയിലേക്ക് ചുവടുവെച്ചു. എന്നാൽ, വിനോദസഞ്ചാര മേഖലയിലടക്കം ഏറെ സാധ്യതയുള്ള ജലമേളയെ മാറ്റങ്ങൾക്കൊന്നും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് കാര്യങ്ങൾ.
ഒരുവശത്ത് പണം എറിഞ്ഞുള്ള പരിശീലനത്തിലൂടെ നേടുന്ന പ്രശസ്തിയാണ് പ്രധാനം. മറുവശത്ത് എല്ലാം സഹിച്ച് ജലമേളയുടെ ഭാഗമാകുകയെന്ന ജനതയുടെ ആഗ്രഹവും. വള്ളംകളിയെ സ്പോർട്സായി അംഗീകരിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. നാല് സീസൺ പൂർത്തിയാക്കിയ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ്.
ഈവർഷത്തെ മത്സരത്തിന്റെ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. രണ്ടുവർഷമായി നെഹ്റു ട്രോഫിയുടെ പട്ടികയിൽനിന്ന് സി.ബി.എൽ പുറത്താണ്. കഴിഞ്ഞവർഷം വയനാട് ദുരന്തപശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കിയ മത്സരത്തിന്റെ സമ്മാനത്തുകയും ബോണസും യഥാസമയം കിട്ടാത്തതിൽ ക്ലബുകാരും വള്ളസമിതിയും നിരാശയിലാണ്.
ഐ.പി.എൽ ക്രിക്കറ്റിന് താരങ്ങളെ കണ്ടെത്തുന്ന രീതിയിൽ തുഴച്ചിലുകാരെ വൻതുകക്ക് ലേലംവിളിച്ച് ബോട്ട് ക്ലബുടെ ടീമിൽ ഉൾപ്പെടുത്തിയാൽ മത്സരം കൂടുതൽ മികവുറ്റതാക്കാം. ഇതിനൊപ്പം തുഴച്ചിലുക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും. കരക്കാരുടെ ആവേശമായി കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തുഴഞ്ഞ കാലം മാറി.
തുഴച്ചിലുകാർ ഏറെയും പ്രഫഷനലുകളാണ്. അവർക്ക് താമസവും ഭക്ഷണവും അടക്കം ഒരുക്കാൻ ലക്ഷങ്ങളാണ് വേണ്ടത്. ഇത്രയും വലിയ തുക നാട്ടുകാർക്ക് സ്വരൂപിക്കാൻ കഴിയുന്നതിന് അപ്പുറമാണ്. ഈ സാഹചര്യത്തിൽ സ്പോൺസർഷിപ്പിലൂടെ മാത്രമേ ക്ലബുകൾക്ക് പിടിച്ചുനിൽക്കാനാവൂ.
ഫുട്ബാളിന്റയും ക്രിക്കറ്റിന്റെയും കാര്യത്തിലെന്നപോലെ വള്ളംകളി ക്ലബുകൾക്കും കൂടുതൽ സ്പോൺസർമാർ എത്തണം. അതിലൂടെ വള്ളംകളി കൂടുതൽ പ്രഫഷനലാകും. ചില ക്ലബുകാരെ തേടി സ്പോൺസർമാർ വരുന്നുണ്ട്. ഭൂരിപക്ഷം ക്ലബുകളും സ്പോൺസർമാരില്ലാതെ അടിസ്ഥാന ചെലവുകൾക്ക് ബുദ്ധിമുട്ടിയാണ് മത്സരത്തിനിറങ്ങുന്നത്.
നെഹ്റു ട്രോഫി വള്ളംകളിയുടെ നിബന്ധനകളും നിർദേശങ്ങളും അടങ്ങുന്ന വള്ളംകളി നിയമം പേരിനുമാത്രം. ഇത് കർശനമായി നടപ്പാക്കുമെന്ന് നിരീക്ഷിക്കാൻ സംവിധാനമില്ലാത്തതാണ് പ്രശ്നം. സംഘാടകരായ എൻ.ടി.ബി.ആർ സൊസെറ്റി വർഷാവർഷം പുറത്തിറങ്ങുന്ന ‘പെരുമാറ്റച്ചട്ടം’ കടലാസ്സിൽ ഒതുങ്ങുയാണ് പതിവ്. വള്ളംകളി മത്സരത്തിന് ‘പനതുഴ’ വേണമെന്നാണ് നിബന്ധന.
പ്രഫഷനൽ താരങ്ങൾ 25 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ് മറ്റൊന്ന്. ഇതൊക്കെ പാലിക്കുന്നുണ്ടോയെന്ന പരിശോധനയും നടക്കുന്നില്ല. ചുണ്ടൻവള്ളങ്ങളുടെ പരിശീലനത്തുഴച്ചിലിൽ ‘തടിത്തുഴ’ ഉപയോഗിക്കാറുണ്ട്. പ്രഫഷനൽ താരങ്ങളുടെ കാര്യത്തിൽ നിബന്ധനകൾ കാറ്റിൽപറത്തിയാണ് പലരും മത്സരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങളുടെ വിഡിയോ ചിത്രീകരിച്ച് പരാതി നൽകിയാൽ പരിഗണിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. ഏറെ മാനസിക പിരിമുറക്കമുള്ള മത്സരദിവസം ഇത് കണ്ടുപിടിച്ച് പരാതിപറയാൻ വള്ളസമിതിക്കും ക്ലബുകാർക്കും കഴിയാറില്ല.
00.5 മില്ലി സെക്കൻഡിന്റെ വിലയെന്താണെന്ന് കാണികളെ വിസ്മയിപ്പിച്ചായിരുന്നു കഴിഞ്ഞതവണ വള്ളംകളി ഫൈനൽ മത്സരം. പി.ബി.സി തുഴഞ്ഞ കാരിച്ചാൽ ചുണ്ടനായിരുന്നു വിജയി. ഒരേപോലെ ഫിനിഷിങ് ലൈനിലേക്ക് ചുണ്ടനുകൾ എത്തിയതോടെ കണ്ടെത്താൻ അവലംബിച്ചത് പുത്തൻ സാങ്കേതികവിദ്യയായിരുന്നു. അതിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. എന്നാൽ, ഫിനിഷിങ് ലൈനിൽ ട്രാക്ക് തിരിക്കാൻ ഇപ്പോഴും നാട്ടുന്നത് കവുങ്ങുകളാണ്. ആ പഴഞ്ചൻ രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്.
പല അളവിലെ കവുങ്ങുകൾ തുണിചുറ്റിയാണ് ഇത് സ്ഥാപിക്കുന്നത്. മില്ലി സെക്കൻഡുകൾ കണക്കാക്കുമ്പോൾ ഇത്തരം രീതികൾ തുടരുന്നത് മത്സരഫലത്തെ ബാധിക്കുമെന്ന് പരാതിയുണ്ട്. പൊലീസിന്റെയും സംഘാടകരുടെയും സാന്നിധ്യത്തിൽ കായലിലേക്ക് എടുത്തുചാടി പോളിൽ തൂങ്ങി മത്സരം അലങ്കോലപ്പെടുത്തുന്നവർക്കെതിരെയും നടപടിയില്ല. കണ്ണുചിമ്മുന്ന വേഗത്തിലാണ് ചുണ്ടനുകൾ ഫിനിഷിങ്ങിലേക്ക് കുതിച്ചെത്തുന്നത്. ഈസമയത്തെ ഇത്തരം പ്രവൃത്തികൾ വിധിനിർണയത്തെപ്പോലും ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ആർപ്പോ... ഇർറോ വിളികളുയർത്തി കരക്കാരെ ആവേശത്തിലാക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ വിജയിക്കുന്ന ചുണ്ടൻവള്ളത്തിന് എത്ര തുക കിട്ടും?. ആ ചോദ്യത്തിന് വള്ളസമിതിക്കും ക്ലബുകാർക്കും കൃത്യമായ ഉത്തരം കിട്ടാറില്ല. പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കാണ്.
ബോണസും സമ്മാനത്തുകയും ഉൾപ്പെടെ നെഹ്റു ട്രോഫിക്ക് മാത്രം സർക്കാർ നൽകുന്നത് ഒന്നരക്കോടി രൂപയാണ്. സ്പോൺസറിലൂടെയും ടിക്കറ്റ് വിൽപനയിലൂടെയാണ് ബാക്കി പണം കണ്ടെത്തുന്നത് എൻ.ടി.ബി.ആർ സൊസൈറ്റിയാണ്. ഒന്നാമത് എത്തുന്ന ചുണ്ടന് നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ ട്രോഫിക്കൊപ്പം കിട്ടുന്നത് 8,60,000 രൂപയാണ്.
രണ്ടാം സ്ഥാനത്തിന് 8,10,000 രൂപയും മൂന്നാം സ്ഥാനത്തിന് 7,60,000 രൂപയും നാലാം സ്ഥാനത്തിന് 7,10,000 രൂപയാണ് സമ്മാനം. അഞ്ച് മുതൽ എട്ടുവരെയുള്ള സ്ഥാനക്കാർക്ക് 50,000 രൂപ വീതം കിട്ടും. ഇതിനൊപ്പം പങ്കെടുക്കുന്ന ചുണ്ടന് ഒരുലക്ഷം വീതം നൽകും.
ഫിനിഷിങ് പോയന്റിൽ നാശവസ്ഥയിലുള്ള നെഹ്റു പവിലിയൻ വള്ളംകളി പ്രേമികൾക്ക് അപമാനമാണ്. വർഷാവർഷം നെഹ്റു ട്രോഫി നടക്കുമ്പോൾ മാത്രം വഴിപാടുപോലെ വൃത്തിയാക്കി ഇരിപ്പിടം സജ്ജമാക്കുകയാണ് പതിവ്. പിന്നീട് ആരും അവിടേക്ക് തിരിഞ്ഞുനോക്കാറില്ല.
ആവിഷ്കരിച്ച പല പദ്ധതികളും കടലാസ്സിലാണ്. നാലരപതിറ്റാണ്ട് മുമ്പാണ് പുന്നമടയിലെ ഫിനിഷിങ് പോയന്റിൽ സ്ഥിരം പവിലിയനെന്ന ആശയമുണ്ടായത്. രണ്ടരപതിറ്റാണ്ട് മുമ്പ് ഫിനിഷിങ് പോയന്റിന്റെ കിഴക്കുഭാഗത്ത് കായൽ നികത്തി നിലവിലെ നെഹ്റു പവിലിയനും നെഹ്റുവിന്റെ പ്രതിമയും സ്ഥാപിച്ചു. പരിപാലനമില്ലാത്തതിനാൽ മേൽക്കൂരയിലെ ഇരുമ്പ് ഷീറ്റ് തുരുമ്പെടുത്തു. ഇത്തവണ വള്ളംകളിക്ക് മുന്നോടിയായി നെഹ്റു പ്രതിമ പെയന്റടിച്ച് വൃത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.