അങ്കമാലി: മകനെ നിഷ്ഠുരമായി കൊലപ്പെടുത്തിയതിന്റെ കാരണമറിയാതെ ഇടനെഞ്ച് പൊട്ടി തേങ്ങി, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ അമ്മ റോസ് മേരി. അതിക്രൂരമായാണ് മകനെ കൊലപ്പെടുത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് തേങ്ങലിനിടെ റോസ് മേരി പറഞ്ഞു. ഇവർ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ടവരോ അതോ ജീവൻ എടുക്കുന്നവരോയെന്ന് റോസ് മേരി ചോദിക്കുന്നു. പാലാ മാർസ്ലീവ ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ മാനേജറാണ് റോസ് മേരി.
കാറിടിച്ച് തെറിപ്പിച്ച് ബോണറ്റിൽ ഒരുകിലോമീറ്ററോളം ദൂരമാണ് വലിച്ചിഴച്ചു കൊണ്ടുപോയത്. ഐവിൻ സഞ്ചരിച്ച കാറിന് മുന്നോട്ട് പോകാൻ സാധിക്കാത്തവിധമാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ നിർത്തിയിരുന്നത്. പിന്നിൽ വാഹനം വന്നതറിഞ്ഞിട്ടും മുന്നിലെ വാഹനം ഒതുക്കാതായതോടെ ഹോൺ അടിച്ചു. അതിനുശേഷവും കാർ മാറ്റാതിരുന്നതോടെ കാറിൽ നിന്നിറങ്ങി സംസാരിച്ചപ്പോഴാണ് സംഭവം. മകനെ വളരെ നീചമായാണ് കൊന്നതെന്ന് റോസ്മേരി പറഞ്ഞു.
അങ്കമാലി: സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഐവിൻ ജിജോയെ കാറിടിപ്പിച്ച് കൊന്ന സംഭവത്തിൽ നിർണായക തെളിവായത് സി.സി ടി.വി ദൃശ്യം. സൈഡ് ലഭിക്കാതെ കാറുകൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ട് അങ്കമാലി നായത്തോട് ഭാഗത്താണ് പ്രതികളും ഐവിനും തമ്മിൽ തർക്കമുണ്ടായത്. കാർ ഇങ്ങനെയാണോ ഓവർടേക്ക് ചെയ്യുന്നതെന്ന് ഐവിൻ ചോദിക്കുന്നതും ഇതോടെ പ്രകോപിതരായ സി.ഐ.എസ്.എഫുകാർ ‘ഇങ്ങനെയാണെ’ന്ന് മറുപടി പറയുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം, ‘താൻ പൊലീസിനെ വിളിക്കാമെ’ന്നും ഐവിൻ പറയുന്നുണ്ട്.
കുറച്ചുസമയത്തെ തർക്കത്തിനുശേഷം സി.ഐ.എസ്.എഫുകാർ കാർ സമീപത്തെ ഒരുവീടിന്റെ മുന്നിലേക്ക് കയറ്റി തിരിച്ചുപോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് ഐവിൻ ഇവരുടെ കാറിന്റെ മുന്നിൽ കയറി നിൽക്കുകയും ഫോണിൽ ഇവരുടെ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തു. ഇതോടെ കൂടുതൽ പ്രകോപിതരായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഐവിനെ ഇടിച്ച് തെറുപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. തുടർന്ന്, നായത്തോടുള്ള സെന്റ് ജോൺസ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യൻ കപ്പേളക്കും ഇടയിലുള്ള കപ്പേള റോഡിൽവെച്ച് കാർ പൊടുന്നനെ ബ്രേക്കിട്ടു. അതോടെ ഐവിൻ നിലത്തുവീണു. ഈ വിവരങ്ങളെല്ലാം എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഐവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.