മലപ്പുറം: പെരിന്തൽമണ്ണ നഗരത്തിൽ ചായവിറ്റ് നടന്നിരുന്ന അസം സ്വദേശിയായ ഏഴാം ക്ലാസുകാരന്റെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായും ഏറ്റെടുത്ത് നജീബ് കാന്തപുരം എം.എൽ.എ. പെരിന്തൽമണ്ണ ബോയ്സ് സ്കൂൾ വിദ്യാർഥി തഫസ്സുൽ ഹുസൈനെ അവന്റെ കൊച്ചുകൂരയിലെത്തിയാണ് സന്തോഷം അറിയിച്ചത്.
പെരിന്തൽമണ്ണ ടൗണിലൂടെ രാത്രി വൈകിയും ചായ വിറ്റു നടക്കുന്ന ഏഴാം ക്ലാസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്നാണ് എം.എൽ.എ കുട്ടിയുടെ വീട്ടിലെത്തുന്നത്.
മൂന്ന് വർഷം മുൻപ് കേരളത്തിലെത്തിയ ഹുസൈന്റെ കുടുംബം ജൂലൈ മാസത്തിലാണ് മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് മാറുന്നത്.
തേപ്പ് പണിക്കാരനായിരുന്ന പിതാവ് എട്ടുമാസം മുൻപാണ് മരിച്ചത്. സുഹൃത്തിന്റെ കുട്ടിക്ക് സുഖമില്ലാത്തതിനാൽ സഹായിക്കാനായി പോയപ്പോഴാണ് വാഹനാപകടത്തിൽ മരിക്കുന്നത്. സ്കൂളിൽ പോവണം.
അസുഖ ബാധിതയായ ഉമ്മയെ പരിചരിക്കണം. വീട്ടു ചെലവ് നോക്കണം. തുടങ്ങിയ ബാധ്യതകൾ ഒരോന്നായി വന്നതോടെ ഉപജീവനം തേടി ചായവിൽപനക്ക് ഇറങ്ങുകയായിരുന്നു ഈ ഏഴാം ക്ലാസുകാരൻ.
രാത്രി വൈകിയും കച്ചവടം ചെയ്യും. ചിലപ്പോൾ മുഴുവൻ ചായയും തീർന്നെന്നുവരില്ല. കിട്ടുന്ന പണം കൊണ്ടുവേണം വീട്ടുചെലവും ഉമ്മയുടെ ചികിത്സ ചെലവും നോക്കാൻ. കുട്ടിയുടെ പഠനച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് എം.എൽ.എ ഉറപ്പു നൽകി.
ചെറിയ സമയം കൊണ്ട് മലയാളം പഠിച്ചെടുത്ത അസമുകാരന് തിരിച്ചിനി നാട്ടിലേക്ക് പോകാൻ താൽപര്യമില്ലെന്നും പഠിച്ചാലെ കാര്യമുള്ളൂവെന്നും ഹുസൈൻ എം.എൽ.എയോട് പറഞ്ഞു. ' പഠിച്ചിട്ടേ കാര്യമുള്ളൂവെന്ന് പറയാൻ ഒരു കുട്ടിയുണ്ടായല്ലോ.. നമ്മുടെ പെരിന്തൽമണ്ണയുടെ ബ്രാൻഡ് അംബാസഡറാണ് ഇവൻ'-നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.