വൈത്തിരി: മൈഗ്രേഷൻ പഠനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ പോയ പൂക്കോട് ജവഹർ നവോദയ സ്‌കൂളിലെ വിദ്യാർഥികൾ ഒടുവിൽ തിരിച്ചെത്തി. 20 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ബസിൽ എത്തിയത്. മേയ് ആറിന് രാവിലെ നൈനിറ്റാളിൽനിന്ന് പുറപ്പെട്ടു. ഏഴിന് വൈകീട്ട് മധ്യപ്രദേശിലെ സിയോനിയിലെത്തി തങ്ങുകയായിരുന്നു. നൈനിറ്റാളിൽനിന്ന് പൂക്കോടുവന്ന് പഠിക്കുന്ന 21 വിദ്യാർഥികളുമായി പോയ ബസ് സിയോനിയിലെത്തി. പൂക്കോട്ടുനിന്ന് പുറപ്പെട്ട കുട്ടികളെ അവിടെ ഇറക്കുകയും പൂക്കോടേക്കുള്ള കുട്ടികളെ അതേ ബസിൽ കയറ്റിവരുകയുമായിരുന്നു.
ലോക്ഡൗൺ കാരണം പലയിടത്തും പരിശോധന ഉണ്ടായിരുന്നു. റെഡ്സോണും ഹോട്സ്പോട്ടുമുള്ള സ്ഥലങ്ങളിൽനിന്നുമാറി പല വഴികളിലൂടെയായിരുന്നു യാത്രയെന്ന് കൂടെ പോയ അധ്യാപകൻ അമൽ പറഞ്ഞു. വരുന്ന വഴി നവോദയ സ്‌കൂളുകളിലായിരുന്നു താമസവും ഭക്ഷണവും ഒരുക്കിയത്.ഒരു വർഷം മുമ്പാണ് പൂക്കോടുനിന്ന് 21 കുട്ടികൾ നൈനിറ്റാളിലേക്കും 21 കുട്ടികൾ അവിടെനിന്ന് പൂക്കോടേക്കും വന്നത്. ഇതിൽ ഒരു വിദ്യാർഥി സുഖമില്ലാത്തതുകാരണം നേരത്തെ തിരിച്ചുവന്നിരുന്നു. എട്ട് ആൺകുട്ടികളും 12 പെൺകുട്ടികളുമാണ് എത്തിയത്. ബിജു, നാഥുറാം വർമ എന്നീ അധ്യാപകരും കൂടെ പോയിരുന്നു.ഈ സാഹചര്യത്തിൽ ഒരു ബുദ്ധിമുട്ടും കൂടാതെ വിദ്യാർഥികൾ സുരക്ഷിതരായി എത്തുകയും നൈനിറ്റാളിലെ കുട്ടികൾ അവിടെ എത്തുകയും ചെയ്തതിൽ സന്തോഷമുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അരവിന്ദാക്ഷൻ പറഞ്ഞു. കുട്ടികളെ സ്‌കൂൾ ഹോസ്റ്റലിൽ ക്വാറൻറീനിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.